മലയാളികളുടെ മനസ് കവർന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. തന്റെ അരികിലേക്ക് എത്തിയ മുത്തശ്ശിയെ മാസ്ക് ധരിക്കാൻ നിർബന്ധിക്കുകയും അതിനുശേഷം മാസ്ക് ധരിക്കാൻ സഹായിക്കുകയും ചെയ്തത് രാഹുൽ ഗാന്ധിയാണ്. വയനാട്ടിൽ ട്രാക്ടർ റാലിക്കിടെയാണ് സംഭവം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു.
കടുത്ത കോൺഗ്രസ് അനുഭാവിയായ മുത്തശ്ശിയെ രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തുകയായിരുന്നു വേണുഗോപാൽ. എല്ലാ സമയവും രാജീവ് ഗാന്ധിയെ ഓർക്കുന്ന ഒരമ്മയാണിതെന്ന് വേണുഗോപാൽ രാഹുലിനോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. തന്റെ അരികിലേക്ക് എത്തിയ മുത്തശ്ശിയെ രാഹുൽ ചേർത്തുപിടിക്കുന്നുണ്ട്. ഇതിനിടയിലാണ് രാഹുലിനെ കണ്ട സന്തോഷത്തിൽ മുത്തശ്ശി മുഖത്തുനിന്ന് മാസ്ക് മാറ്റുന്നത്. ഉടനെ രാഹുൽ ഇടപെട്ടു. മുത്തശ്ശിയോട് മാസ്ക് ധരിക്കാൻ രാഹുൽ പറഞ്ഞു. പിന്നീട് മാസ്ക് കൃത്യമായി മുഖത്ത് വയ്ക്കാൻ രാഹുൽ ഗാന്ധി മുത്തശ്ശിയെ സഹായിക്കുകയും ചെയ്യുന്നുണ്ട്. മുത്തശ്ശി മാസ്ക് ധരിക്കാതെ നിൽക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് നല്ല വിഷമമുണ്ടെന്നും വേണുഗോപാൽ പറയുന്നത് കേൾക്കാം. ഈ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്.
Read More: കർഷകസമരത്തെ പിന്തുണച്ച് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി
നേരത്തെ “തന്നെ ‘സർ’ എന്നു വിളിക്കേണ്ടെ”ന്ന് രാഹുൽ വിദ്യാർഥികളോട് പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുച്ചേരിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് രസകരമായ സംഭവം. ‘സർ, ഞാൻ ഇവിടെയുണ്ട്’ എന്നുപറഞ്ഞ് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെയാണ് രാഹുൽ തിരുത്തിയത്. “നോക്കൂ, എന്റെ പേര് ‘സർ’ എന്നല്ല. എന്റെ പേര് രാഹുൽ എന്നാണ്. അതുകൊണ്ട് ദയവായി നിങ്ങൾ എന്നെ രാഹുൽ എന്നു വിളിക്കൂ. നിങ്ങളുടെ പ്രിൻസിപ്പലിനെ ‘സർ’ എന്ന് വിളിക്കാം. അധ്യാപകരെ ‘സർ’ എന്ന് വിളിക്കാം. എന്നാൽ, എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ..,” ഇതുകേട്ടതും വിദ്യാർഥികൾ രാഹുലിന് കൈയടിച്ചു.
എന്നാൽ, ഉടനെ മറ്റൊരു ചോദ്യം രാഹുലിനെ തേടിയെത്തി. ‘എങ്കിൽ ഞങ്ങൾ രാഹുൽ അണ്ണാ എന്ന് വിളിക്കട്ടെ,’ എന്നാണ് ഒരു വിദ്യാർഥിനി ചോദിച്ചത്. ‘രാഹുൽ അണ്ണാ’ എന്നു വിളിക്കാൻ രാഹുൽ ഗാന്ധി സമ്മതമറിയിക്കുകയും ചെയ്തു. വലിയ ഹർഷാരവങ്ങളോടെയാണ് രാഹുലിന്റെ ഈ വാക്കുകളും വിദ്യാർഥിനികൾ ഏറ്റെടുത്തത്.
Read More: ‘സർ വിളി വേണ്ട, പേര് വിളിക്കാം’; ‘രാഹുൽ അണ്ണാ’ എന്നു വിളിക്കട്ടെയെന്ന് വിദ്യാർഥിനി, വീഡിയോ
രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശന വേളയിൽ ഭാരതി ദാസൻ സർക്കാർ വനിതാ കോളജിലെ വിദ്യാർഥികളുമായുള്ള സംവാദമാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
നേരത്തെ, സംവാദത്തിനിടെ തന്റെ അടുത്തേക്ക് എത്തിയ വിദ്യാർഥിനിയെ രാഹുൽ സന്തോഷിപ്പിച്ചതിന്റെ വീഡിയോയും വൈറലായിരുന്നു. രാഹുലിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വേദിക്കരികെ എത്തിയതായിരുന്നു വിദ്യാർഥിനി. രാഹുൽ വിദ്യാർഥിനിയുടെ പുസ്തകം വാങ്ങി ഒപ്പിട്ടു. പിന്നീട് നടന്ന കാര്യങ്ങൾ വളരെ ഹൃദ്യമാണ്.
രാഹുൽ പുസ്തകത്തിൽ ഒപ്പിടുമ്പോൾ പെൺകുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിനുശേഷം രാഹുൽ പെൺകുട്ടിക്ക് കൈ കൊടുത്തു. രാഹുലിന്റെ കൈ പിടിച്ച് പെൺകുട്ടി തുള്ളിച്ചാടാൻ തുടങ്ങി. അതിനുശേഷം രാഹുൽ വിദ്യാർഥിനിയെ ചേർത്തുപിടിക്കുകയും ക്യാമറയിലേക്ക് നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സദസിലെ മറ്റ് കുട്ടികളെല്ലാം ഇതുകണ്ട് കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. കവിളിൽ തലോടിയും തലയിൽ കൈവച്ച് അനുഗ്രഹിച്ചുമാണ് രാഹുൽ വിദ്യാർഥിനിയെ സന്തോഷിപ്പിച്ചത്.