രാഹുല്‍ ഗാന്ധി കഴിച്ചത് ‘ഒന്നര ലക്ഷം രൂപ’ വിലയുളള പ്രഭാത ഭക്ഷണമെന്ന് പ്രചരണം; സത്യം ഇതാണ്
കഴിഞ്ഞയാഴ്ച്ച രാഹുല്‍ ഗാന്ധി നടത്തിയ യുഎഇ സന്ദര്‍ശനം വന്‍ വിജയമായിരുന്നു. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ രണ്ട് ദിവസത്തെ പരിപാടിക്ക് രാഹുല്‍ ഗാന്ധി എ്ലലാവരോടും നന്ദി അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ വ്യാജ പ്രചരണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യയില്‍ രാഹുലിനെ ചേര്‍ത്ത് മറ്റൊരു വാര്‍ത്ത കൂടി പ്രചരിക്കുകയാണ്. ദുബായ് സന്ദര്‍ശിച്ച രാഹുല്‍ ബീഫ് അടങ്ങിയ ചെലവേറിയ പ്രഭാതഭക്ഷണം കഴിച്ചെന്നാണ് സോഷ്യല്‍മീഡിയയിലെ പ്രചരണം.

ജെംസ് എജ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി, എം.എ യൂസഫലി, കോണ്‍ഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ എന്നിവര്‍ അടക്കമുളളവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്നത്. ‘ഹില്‍ട്ടണ്‍ ഹോട്ടലില്‍ 1500 പൗണ്ട് (ഏകദേശം 1,36,000 രൂപ) വില വരുന്ന പ്രഭാത ഭക്ഷണം രാഹുല്‍ ഗാന്ധി കഴിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. നേര്‍ത്ത രീതിയില്‍ മുറിച്ച് വെച്ചിരിക്കുന്ന മാംസം ബീഫാണെന്നും പ്രചരണം നടന്നു. ‘ഹില്‍ട്ടനില്‍ വെച്ച് ഒരാള്‍ക്ക് 1500 പൗണ്ടിന്റെ പ്രഭാതഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി പട്ടിണിയെ കുറിച്ച് ചര്‍ച്ച ചെയ്തു,’ എന്ന് പരിഹസിച്ചായിരുന്നു പോസ്റ്റുകള്‍ പ്രചരിച്ചത്.

നിരവധി പേരാണ് ചിത്രം ഇതേ അടിക്കുറിപ്പില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആദ്യം ട്വിറ്ററില്‍ പ്രചരിച്ച പോസ്റ്റ് പിന്നീട് ഫെയ്സ്ബുക്കിലും വാട്സ്ആപിലും പ്രചരിച്ചു. റിഷി ബാഗ്രി എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു പ്രചരണം ആദ്യം ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, സ്മൃതി ഇറാനി എന്നിവരൊക്കെ ഫോളോ ചെയ്യുന്നയാളാണ് ഇദ്ദേഹം. നേരത്തേയും പല വ്യാജ പ്രചരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഈ അക്കൗണ്ടില്‍ നിന്നാണ്.

പ്രചരണം വ്യാജമാണെന്ന് തെളിയിക്കാന്‍ പോന്നതായിരുന്നു വാചകത്തിലെ തന്നെ ആദ്യ അബദ്ധം. ദുബായ് കറന്‍സി ദിര്‍ഹം ആണെന്നിരിക്കെയാണ് 1500 ‘പൗണ്ട്’ ആണ് ഭക്ഷണത്തിനെന്ന് പ്രചരിപ്പിച്ചത്. ജെംസ് എജ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കിയുടെ വസതിയില്‍ വെച്ച് നടന്ന വിരുന്നാണ് ഒരു ഹോട്ടലില്‍ വെച്ചാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചതെന്നതാണ് വസ്തുത. സണ്ണി വര്‍ക്കിയുടെ വീട്ടില്‍ വെച്ചാണ് വിരുന്ന് നടന്നതെന്ന് യൂസഫ് അലിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. ‘പ്രഭാതഭക്ഷണം കഴിച്ചത് ഹോട്ടലില്‍ വെച്ചല്ല. വര്‍ക്കിയുടെ വീട്ടില്‍ വെച്ചാണ്, ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ വി നന്ദകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് വക്താവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 11നാണ് ഇവിടെ വെച്ച് രാഹുല്‍ ഗാന്ധിക്ക് വിരുന്ന് നല്‍കിയത്. രാഹുല്‍ ഗാന്ധി ബീഫ് ആയിരുന്നു കഴിച്ചത് എന്നായിരുന്നു മറ്റൊരു പ്രചരണം. എന്നാല്‍ ടര്‍ക്കി കോഴിയുടെ മാംസമാണ് രാഹുലിന്റെ മുമ്പിലുളളതെന്നാണ് കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook