കോഴിക്കോട്: വയനാട് എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ ഊഷ്മള വരവേല്‍പ്പ്. എംപിയായ ശേഷം ആദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താനാണ് രാഹുല്‍ ഇത്തവണ കേരളത്തിലെത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തെ മണ്ഡല പര്യടനമാണ് രാഹുല്‍ നടത്തുക. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
Read More: നന്ദി പറയാന്‍ വന്ന എംപി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധി ചായക്കടയില്‍ കയറിയത് കൗതുക കാഴ്ചയായി. വണ്ടൂരിലെ ചോക്കാട് വച്ചാണ് രാഹുല്‍ ചായക്കടയില്‍ കയറിയത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി.വേണുഗോപാല്‍, വി.വി.പ്രകാശ്, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ചായക്കടയില്‍ വളരെ ഗൗരവത്തോടെയാണ് രാഹുല്‍ ഗാന്ധി ഇരിക്കുന്നത്. തൊട്ടടുത്തിരിക്കുന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി പ്ലേറ്റില്‍ നിന്ന് പലഹാരങ്ങള്‍ എടുത്തുനല്കുന്നതും വീഡിയോയില്‍ കാണാം. പത്ത് മിനിറ്റിലേറെ രാഹുല്‍ ഗാന്ധി ചായക്കടയില്‍ ചെലവഴിച്ചു. ചായക്കടയിൽ വച്ച് ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു.
റോഡ് ഷോയിക്കിടെ രാഹുൽ ഗാന്ധി ചായക്കടയിൽ pic.twitter.com/IureLh7Woj
— IE Malayalam (@IeMalayalam) June 7, 2019
കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും നടക്കുന്ന സ്വീകരണത്തിൽ രാഹുൽ പങ്കെടുക്കും. രാത്രി 8.30ഓടെ കൽപറ്റയിൽ എത്തുന്ന രാഹുൽ ഇന്ന് രാത്രി കൽപറ്റയിലായിരിക്കും തങ്ങുക.
Kerala: Congress President Rahul Gandhi stops for tea at a shop in Chokkad of Malappuram district. He is on a three-day visit to the state, beginning today. pic.twitter.com/YP1Qgei6rR
— ANI (@ANI) June 7, 2019
സംസ്ഥാനം ഇതുവരെ കണ്ട റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ജയം. കൃത്യമായി പറഞ്ഞാൽ 431770 വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന പി.പി സുനീറിനെ രാഹുൽ പരാജയപ്പെടുത്തിയത്. അമേഠിയിൽ നാണക്കേടിന്റെ തോൽവി ഏറ്റുവാങ്ങിയ രാഹുലിന് എന്നാൽ വയനാട് സമ്മാനിച്ച റെക്കോർഡ് ഭൂരിപക്ഷമായിരുന്നു.
കാളികാവിലാണ് രാഹുൽ ഗാന്ധി ആദ്യ പൊതുപരിപാടിയിൽ പങ്കെടുത്തത്. ഇവിടെ റോഡ് ഷോയും നടന്നു. കനത്ത മഴയെ അവഗണിച്ച് നിരവധി പ്രവർത്തകരാണ് രാഹുൽ ഗാന്ധി അഭിവാദ്യമർപ്പിക്കാൻ കാളികാവിലെത്തിയത്.
വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്നങ്ങള്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ കേരളത്തിലെ പ്രശ്നങ്ങളും ലോക്സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ രണ്ടാം ദിവസത്തെ പര്യടനം ഇന്ന് രാവിലെ 8.30 ന് ആരംഭിക്കും.