ക്രിക്കറ്റ് മൈതാനത്ത് ഇതിഹാസങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ വൻമതിലായ രാഹുൽ ദ്രാവിഡ്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യയെ ഒറ്റയ്ക്ക് കരകയറ്റിയ പോരാളി. ക്രീസിൽ ക്ഷമയോടെ ബാറ്റ് വീശുന്ന രാഹുൽ ദ്രാവിഡ് എന്ന മനുഷ്യനെ കുറിച്ച് ആരാധകർ എന്നും “ജെൻ്റിൽമാൻ” എന്നേ പറഞ്ഞിട്ടുള്ളൂ. മൈതാനമധ്യത്തിൽ പക്വതയുടെ ആൾരൂപമാണ് അദ്ദേഹം.

താരജാഡകൾ ഏതുമില്ലാതെയാണ് രാഹുൽ ദ്രാവിഡിന്റെ ജീവിതവും എന്ന് പറഞ്ഞാൽ അമ്പരപ്പുണ്ടാവുകയില്ല. പക്ഷെ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്ന അദ്ദേഹത്തിന്റെ ചിത്രം ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വിശ്വസ്തനായ മുൻ ബാറ്റ്സ്മാനോട് അന്നത്തേക്കാളേറെ മതിപ്പ് തോന്നിക്കുന്നതാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്ന ചിത്രം.

ഒരു ശാസ്ത്ര മേളയിൽ കുട്ടികളുടെ ക്യൂവിൽ അവർക്ക് പുറകിലായി നിൽക്കുന്ന ഇതിഹാസ ബാറ്റ്സ്മാനെ വാഴ്ത്തുകയാണ് ട്വിറ്റർ ഇപ്പോൾ. സൗത്ത് കാനറ എന്ന ട്വിറ്റർ അക്കൗണ്ടിൽ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിലാണ് രാഹുൽ ദ്രാവിഡ് തന്റെ താരപരിവേഷങ്ങൾ ഏതുമില്ലാതെ കുട്ടികൾക്കൊപ്പം ക്യൂവിൽ നിൽക്കുന്നത്.

രാജീവ് കെ മിശ്ര ഈ ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന കമന്റിൽ രാഹുൽ ദ്രാവിഡിനെ കുറിച്ച് പറയുന്നത് മറ്റൊരു കാര്യമാണ്. “എന്റെ ദീദിയാണ് ദ്രാവിഡിന്റെ മകന്റെ ക്ലാസ് ടീച്ചർ. ഒറ്റ പിടിഎ മീറ്റിംഗ് പോലും രാഹുൽ ദ്രാവിഡ് ഒഴിവാക്കാറില്ല. എല്ലായ്പ്പോഴും യാതൊരു താരജാഡയും ഇല്ലാതെയാണ് അദ്ദേഹം സംസാരിക്കാറുള്ളതെന്നാണ് ദീദി പറയുന്നത്”, അദ്ദേഹം കുറിച്ചു. ഇങ്ങിനെ പലരും രാഹുൽ ദ്രാവിഡിനെ കുറിച്ചുള്ള കേട്ടറിവുകളും നേരിട്ടുള്ള അറിവുകളും ട്വിറ്ററിൽ കുറിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ