റാഫേല്‍ ഇടപാട് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദമായി പുകയുകയാണ്. ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് ആരോപണം.

യുപിഎ ഭരണകാലത്ത് ധാരണയായ 126 വിമാനങ്ങള്‍ക്ക് പകരം അതേ വിലയ്ക്ക് 36 ജെറ്റുകള്‍ മാത്രം വാങ്ങി എന്നാണ് റാഫേല്‍ ഇടപാടില്‍ ബിജെപി നേരിട്ട പ്രധാന ആരോപണം.

റാഫേല്‍ ഇടപാടില്‍ നടന്ന അഴിമതി എന്താണ് എന്ന് ആരാഞ്ഞുള്ള ഒരു സംഭാഷണമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഓടുന്ന കാറില്‍ ഇരുന്നുകൊണ്ട് രണ്ടുപേര്‍ റാഫേല്‍ ഇടപാടിനെ വിലയിരുത്തുന്നതാണ് വീഡിയോ.

“റാഫേല്‍ ഇടപാടില്‍ ഒരു നാലായിരം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. എന്താണത് ?” എന്ന് ആരാഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭികുന്നത്.

റാഫേലില്‍ അഴിമതി നടന്നിട്ടില്ല, അത് തെറ്റിദ്ധാരണ പരത്തുകയാണ് എന്ന മുഖവുരയോടെ ചോദ്യത്തിന് ഉത്തരം ആരംഭിക്കുകയായി. റാഫേല്‍ ഇടപാടില്‍ ലഭിച്ച ഓഫര്‍ മുതല്‍ അതിന്റെ സവിശേഷതകള്‍ അടക്കം വിവരിച്ചാണ് ഉത്തരം. 3:36 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റാഫേല്‍ ഇടപാടിനെ ‘താത്വികമായി തന്നെ അവലോകനം’ ചെയ്യുന്നുണ്ട്.

ഒരു നിമിഷം പോലും ചിരിക്കാതെ അതി ഗൗരവത്തോടെയാണ് വീഡിയോയുടെ അവതരണം. “ഇവിടെ ആളുകല്‍ കേന്ദ്ര ഗവണ്മെന്റിനെ അപമാനിക്കുന്ന രീതിയിലൊക്കെ സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ സത്യം മനസ്സിലാക്കണം, കേന്ദ്ര സര്‍ക്കാരിനോടൊപ്പം നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിച്ചു” കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

വിമാനം വാങ്ങിയതിന് പുറമേ റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളികയാക്കാന്‍ നിര്‍ദ്ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെയാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദെ വന്നതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയായിരുന്നു. ഈ വിഷയങ്ങളെ പൂര്‍ണമായും ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിക്കുന്നതാണ് വീഡിയോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook