ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണായി നടന്‍ മാധവന്‍ നടത്തിയ രൂപപരിണാമം സിനിമാലോകത്ത് ചര്‍ച്ചയായി മാറിയിരുന്നു. നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കറ്ററി: ദ നമ്പി ഇഫക്ട്’ എന്ന ചിത്രത്തിനായാണ് മാധവന്‍ കിടിലന്‍ വേഷപ്പകര്‍ച്ചയുമായി ഞെട്ടിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി താരം തന്നെയാണ് കഴിഞ്ഞ ദിവസം ചിത്രം പുറത്തു വിട്ടത്. ഏതായാലും ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മെമെകള്‍ ഉണ്ടാക്കിയാണ് ഇപ്പോള്‍ മാധവന്റെ മേക്കോവര്‍ ട്രോളന്മാര്‍ പ്രചരിപ്പിക്കുന്നത്.

പൊട്ടിച്ചിരിപ്പിക്കുന്ന അടിക്കുറിപ്പുകളാണ് ചിത്രത്തിനൊപ്പം ചേര്‍ക്കുന്നത്. ‘ഷാരൂഖിന്റെ വിജയചിത്രം കാണാനായി കാത്തിരിക്കുന്നയാള്‍’ എന്നാണ് ഒരു വിരുതന്റെ അടിക്കുറിപ്പ്. നമ്പി നാരായണിന്റെ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടത്തിലൂടെയാണ് ‘റോക്കറ്ററി’ കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലായാണ് മാധവന്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധാന പങ്കാളിയായിരുന്ന ആനന്ദ് മഹാദേവന്‍ പിന്മാറിയതിനെ തുടര്‍ന്ന് മാധവന്‍ തനിച്ചാണ് നിലവില്‍ സിനിമ ഒരുക്കുന്നത്.

സിമ്രാനാണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. നമ്പി നാരായണന്റെ ജീവിതം ലോകത്തോട് വിളിച്ചു പറയാന്‍ താന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് മാധവന്‍ പറഞ്ഞു.
വ്യാജ ചാര കേസുമായി ബന്ധപ്പെട്ട് 1994ലാണ് നമ്പി നാരായണനെ അറസ്റ്റു ചെയ്യുന്നത്. ഇത് അനാവരണം ചെയ്യുന്നതായിരിക്കും റോക്കറ്ററി ദ നമ്പി ഇഫക്ട് എന്ന് മാധവന്‍ പറയുകയുണ്ടായി. ഷൂട്ടിംഗ് ആരംഭിച്ച ചിത്രം, തമിഴ്, ഹന്ദി, ഇംഗ്ലീഷ് ഭാഷകളിലായി റിലീസ് ചെയ്യും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ