കല്യാണം വ്യത്യസ്തമാകുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം, തമിഴ്നാട്ടില്‍നിന്നുള്ള ദമ്പതികള്‍ ഹൊഗ്‌വാര്‍ട്‌സ് പ്രമേയത്തില്‍ മെറ്റാവേഴ്‌സിൽ വെര്‍ച്വലായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതു വൈറലായിരുന്നു. ഇതിനെയെല്ലാം പിന്തള്ളുന്ന വാര്‍ത്തയാണ് പൂണെയില്‍നിന്നു വന്നിരിക്കുന്നത്.
പൂണെ ഡി വൈ പാട്ടീല്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി അനില്‍ നരസിപുരവും ശ്രുതി നായരുമാണ് വിവാഹത്തിനു തിരഞ്ഞെടുത്തത് ‘ബ്ലോക്ക് ചെയിന്‍’ മാര്‍ഗമാണ്. രാജ്യത്തെ ആദ്യ ‘ബ്ലോക്ക് ചെയിന്‍ വിവാഹം’ ആണ് ഇവരുടേത്.
”ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങളുടെ കൂടിച്ചേരലിനെ അനശ്വരമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” അനില്‍ നരസിപുരം ലിങ്ക്ഡ്ഇനില്‍ എഴുതി.
ലാപ്ടോപ്പിനു മുമ്പിലിരുന്നായിരുന്നു വിവാഹ പ്രതിജ്ഞ. ‘ഡിജിറ്റല്‍ പുരോഹിതന്‍’ അനൂപ് പക്കി കാര്‍മികത്വം വഹിച്ചു. നോണ്‍ ഫംഗിബിള്‍ ടോക്കണ്‍ (എന്‍എഫ്ടി) മാര്‍ക്കറ്റ് സ്‌പേസായ ‘ഓപ്പണ്‍സീ’യില്‍ തയാറാക്കിയ, പരസ്പര പ്രതിബദ്ധത വ്യക്തമാക്കുന്ന എതേറിയം (ക്രിപ്‌റ്റോ കറന്‍സി) സ്മാര്‍ട്ട് കരാറില്‍ ദമ്പതികള്‍ ഏര്‍പ്പെട്ടു.
Also Read: കാത്തിരിപ്പ് വിഫലം; നൊമ്പരമായി ചോട്ടു
ഉപയോക്താവിന്റെ ഒപ്പ് ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്ത ഒരു ഭാഗവുമായി ശാശ്വതമായി ലിങ്ക് ചെയ്തിരിക്കുന്ന ഒരു തരത്തിലുള്ള ഡിജിറ്റല്‍ ടോക്കണ്‍ (എന്‍എഫ്ടി) സൃഷ്ടിക്കാന്‍ അവര്‍ വിവാഹപ്രതിജ്ഞകള്‍ ചേര്‍ത്ത വധുവിന്റെ വിവാഹനിശ്ചയ മോതിരത്തിന്റെ ഫോട്ടോയാണ് ഉപയോഗിച്ചത്. ‘ഏകത്വം’ എന്നാണ് പ്രത്യേക ചിഹ്നത്തിനു പേര് നല്‍കിയിരിക്കുന്നത്.
ഗൂഗിള്‍ മീറ്റിലെ ചടങ്ങനു സാക്ഷ്യം വഹിക്കാന്‍ അതിഥികള്‍ ചേര്‍ന്നതോടെ, ദമ്പതികള്‍ തങ്ങളുടെ പ്രതിജ്ഞകള്‍ വായിക്കുകയും ഡിജിറ്റല്‍ പുരോഹിതനില്‍നിന്ന് ‘ആശീര്‍വാദം’ വാങ്ങുകയും ചെയ്തു. തുടന്ന് വരന്‍ വധുവിന്റെ ഡിജിറ്റല്‍ വാലറ്റിലേക്ക് എന്‍എഫ്ടി കൈമാറുന്നതിനുള്ള ഇടപാട് സ്ഥിരീകരിച്ചു.
”ഞങ്ങള്‍ വലിയ വാഗ്ദാനങ്ങളൊന്നും നല്‍കുന്നില്ല, പക്ഷേ ഈ ജോലി ചെയ്യാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. എല്ലാ അഭിപ്രായവ്യത്യാസങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും പരസ്പരവും ഞങ്ങളെയും കുറിച്ചുള്ള ധാരണ വളരുമെന്ന് പ്രതീക്ഷിക്കുന്നു,”എന്‍എഫ്ടിയിലെ പ്രതിജ്ഞ അവര്‍ വായിച്ചു. പരസ്പരം കൈകോര്‍ത്ത് ഈ സാഹസികതയിലൂടെ സഞ്ചരിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.
”ഞാനും ശ്രുതിയും ഞങ്ങളുടെ ലാപ്ടോപ്പുകളില്‍ പരസ്പരം അടുത്തിരുന്ന് അനൂപ് നിര്‍വഹിച്ച 15 മിനുറ്റ് ചടങ്ങില്‍ ഇടപാട് പൂര്‍ത്തിയാക്കി,” വിവാഹദിവസത്തെ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് അനില്‍ കുറിച്ചു. ”ഇടപാടിന് കുറച്ച് മിനിറ്റുകള്‍ എടുത്തു. തുടര്‍ന്ന ഡിജിറ്റല്‍ പുരോഹിതന്‍ ഞങ്ങളെ ഭാര്യാഭര്‍ത്താക്കന്മാരായി പ്രഖ്യാപിച്ചു!” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ട്രാക്ക് മുറിച്ചുകടക്കാൻ കഴിയാതെ കാട്ടാനക്കൂട്ടം, അടിയന്തര നടപടിയുമായി റെയിൽവേ; വീഡിയോ
”എതേറിയം കൊണ്ട് എന്നില്‍ നിക്ഷിപ്തമായ അധികാരത്താല്‍, നിങ്ങളെ വിവാഹിതരായി പ്രഖ്യാപിക്കുന്നത് എന്റെ ബഹുമാനവും സന്തോഷവുമാണ്,”എന്നാണ് അനില്‍ പങ്കിട്ട മറ്റൊരു ചിത്രത്തില്‍ പുരോഹിതന്‍ കുറിച്ചത്.
ബ്ലോക്ക്‌ചെയിന്‍ കല്യാണം രാജ്യത്ത് പുതിയതാണെങ്കിലും മറ്റിടങ്ങളില്‍ അങ്ങനെയല്ല. 2021 മാര്‍ച്ചില്‍, യുഎസ് ദമ്പതികള്‍ അവരുടെ പരമ്പരാഗത ജൂത ചടങ്ങിനിടെ തങ്ങളുടെ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് വെര്‍ച്വല്‍ റിംഗുകള്‍ (എന്‍എഫ്ടി) കൈമാറിയതു സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.