/indian-express-malayalam/media/media_files/uploads/2020/07/Protest-Congress.jpg)
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടികളെ വിമർശിച്ച് ഇൻഫോ ക്ലിനിക് പ്രതിനിധിയായ ഡോ.പി.എസ്. ജിനേഷ്. നേതാക്കൾ തങ്ങളുടെ പ്രവർത്തകരെ കൊലയ്‌ക്ക് കൊടുക്കരുതെന്ന് ജിനേഷ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്നും എന്നാൽ ഈ കോവിഡ് കാലത്ത് ആൾക്കൂട്ടം സൃഷ്ടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ആത്മഹത്യാപരമാണെന്നും ജിനേഷ് കുറിച്ചു. നേതാക്കളുടെ ആഹ്വാനം കേട്ട് തെരുവിലിറങ്ങാൻ പോകുന്നവർ തങ്ങളുടെ ജീവനും ആരോഗ്യവും വിലയേറിയതാണെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.ജിനേഷിന്റെ കുറിപ്പ് പൂർണരൂപം വായിക്കാം
പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് പറയുന്ന ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,
ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ഉള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. പക്ഷേ ഈ കോവിഡ് കാലത്ത് ആൾക്കൂട്ടം സൃഷ്ടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ആത്മഹത്യാപരമാണ്. നിങ്ങളെ വിശ്വസിച്ച് പ്രതിഷേധത്തിനിറങ്ങുന്ന പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്.
തെരഞ്ഞെടുപ്പാണ് നിങ്ങളുടെ വിഷയമെങ്കിൽ നിലവിലെ സാഹചര്യം വഷളായാൽ തെരഞ്ഞെടുപ്പ് യഥാസമയം നടക്കണം എന്ന് നിർബന്ധമൊന്നുമില്ല. ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് ജാഗ്രത പുലർത്തി മുന്നോട്ടുപോയാൽ കോവിഡ് വ്യാപനം തടയാം. തെരഞ്ഞെടുപ്പും നടക്കും, മത്സരിക്കുകയും ചെയ്യാം.
അതല്ല, ഇതിനുമുൻപ് നടത്തിയതുപോലെ മാസ്ക് കഴുത്തിൽ കെട്ടി, ശാരീരിക അകലം പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങൾ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാം പിടിവിട്ടു പോകും. സുരക്ഷിതരായി ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ എന്നോർത്താൽ നന്ന്.
ഒരു കാര്യങ്ങളിലും പ്രതിഷേധിക്കരുത് എന്നല്ല പറയുന്നത്. ഇത് മാറിയ കാലമാണ്. കോവിഡ് മൂലം ജീവിതം ആകെ മാറിയ കാലം. പ്രതിഷേധിക്കേണ്ട വിഷയങ്ങളിൽ മാറിയ രീതിയിൽ പ്രതിഷേധിക്കാൻ ശ്രമിക്കണം. എന്തിനും ഏതിനും കൊടിപിടിച്ച് തെരുവിലിറങ്ങാൻ പറ്റിയ കാലമല്ലിത്. അതുകൊണ്ട് കാര്യമാത്രപ്രസക്തമായ വിഷയങ്ങളിൽ മാത്രം പുതിയ രീതികൾ കണ്ടുപിടിച്ച് പ്രതിഷേധിക്കാൻ ശ്രമിക്കൂ...
നേതാക്കളോട് പറഞ്ഞിട്ട് വലിയ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ല.
അതുകൊണ്ട് ഈ ആഹ്വാനമൊക്കെ കേട്ട് തെരുവിലിറങ്ങാൻ പോകുന്നവർ ഒന്നാലോചിക്കുക. നിങ്ങളുടെ ജീവനും ആരോഗ്യവും വിലയേറിയതാണ്...
കൂടുതലൊന്നും പറയാനില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.