scorecardresearch

കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍; വീഡിയോ പുറത്ത്, സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

വനിതാ കബഡി താരങ്ങള്‍ക്കാണ് ദുരനുഭവം നേടിടേണ്ടി വന്നത്

കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍; വീഡിയോ പുറത്ത്, സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ കബഡി താരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം വിളമ്പിയതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. സഹരന്‍പൂരില്‍ നടന്ന സംസ്ഥാനതല പെണ്‍കുട്ടികളുടെ കബഡി ടൂര്‍ണമെന്റിലെ വനിതാ താരങ്ങള്‍ക്കാണ് ദുരനുഭവം നേടിടേണ്ടി വന്നത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ ശുചിമുറിയില്‍ നിലത്ത് വെച്ചിരുന്ന പാത്രത്തില്‍ നിന്ന് താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുന്നത് കാണാം. വീഡിയോ വൈറലായതോടെ ശക്തമായ നടപടി വേണമെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു.

‘നമ്മുടെ കായിക താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാവില്ല, പക്ഷേ അവര്‍ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി മെഡലുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു.’ ‘എന്തൊരു നാണകേട്’ ചതുര്‍വേദി ട്വീറ്റ് ചെയ്തു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ശിവസേന നേതാവ് യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ‘യുപിക്ക് വേണ്ടി കബഡി കളിക്കുന്ന പെണ്‍മക്കള്‍ക്ക് ടോയ്ലറ്റില്‍ ഭക്ഷണം വിളമ്പുന്നു. തങ്ങളുടെ നുണകള്‍ പ്രചരിപ്പിക്കാന്‍ പണം മുടക്കുന്ന ബിജെപി സര്‍ക്കാരിന് നമ്മുടെ കളിക്കാര്‍ക്ക് നല്ല സൗകര്യങ്ങള്‍ ഒരുക്കാന്‍ പണമില്ല. എന്തൊരു നാണക്കേട്’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

സഹരന്‍പൂരിലെ ഒരു സ്റ്റേഡിയത്തിലെ ടോയ്ലറ്റിന്റെ തറയില്‍ വെച്ചിരിക്കുന്ന വലിയ പാത്രങ്ങളില്‍ നിന്ന് ചോറും പരിപ്പും മറ്റ് വിഭവങ്ങളും സ്വയം വിളമ്പുന്ന യുവ അത്ലറ്റുകളാണ് വീഡിയോയിലുള്ളത്. പാത്രങ്ങള്‍ മൂത്രപ്പുരകളുടെ ഒരു നിരയുടെ തൊട്ടടുത്തായി കാണപ്പെടുന്നു. ഒരു പ്ലേറ്റ് നിറയെ പൂരികളും പേപ്പറില്‍ പൊതിഞ്ഞ് വെച്ചിരിക്കുന്നതും കാണാം.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Priyanka chaturvedi up kabaddi food toilet flood stadium viral video

Best of Express