നടന്‍ പൃഥ്വിരാജിന്റെ ഒരു ഫോണ്‍ കോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരെയും ചിരിപ്പിക്കുന്നത്. കല്യാണ്‍ സില്‍ക്‌സിന്റെ ‘ഓണക്കോടിക്കൊപ്പം ഒന്നരക്കോടി’ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പിനിടെയാണ് സംഭവം. എറണാകുളത്തെ കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമില്‍ വച്ച് നടന്‍ പൃഥ്വിരാജാണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്. സെപ്റ്റംബർ മൂന്നിനായിരുന്നു പൃഥ്വിരാജ് നറുക്കെടുപ്പ് നിർവഹിച്ചത്. ഇതിനിടയിലെ രസകരമായ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.

നറുക്ക് വീണ ഭാഗ്യശാലിയെ പൃഥ്വിരാജ് തന്നെ വേദിയില്‍ വച്ച് ഫോണില്‍ ബന്ധപ്പെട്ടു. സമ്മാനം ലഭിച്ച കാര്യം അറിയിക്കാനാണ് തൊടുപുഴ സ്വദേശിയായ സിസിലിനെ പൃഥ്വിരാജ് ഫോണില്‍ വിളിച്ചത്. ഇതിനിടയിലാണ് രസകരമായ സംഭവങ്ങള്‍. സിസിലിന്റെ മറുപടി കേട്ടാണ് പൃഥ്വിരാജ് അടക്കമുള്ളവര്‍ ചിരിക്കാന്‍ തുടങ്ങിയത്.

Read Also: നിങ്ങൾ മഴ നനയുമ്പോൾ എനിക്കെന്തിന് കുട? സോഷ്യൽ മീഡിയയിൽ കൈയ്യടി നേടി ടൊവിനോ

പേര് പറഞ്ഞ് പൃഥ്വിരാജ് പരിചയപ്പെടുത്താന്‍ ആരംഭിച്ചപ്പോള്‍ ‘എങ്ങനെ’ എന്നായി മറുവശത്ത് നിന്നുള്ള മറുപടി. സിനിമയിലൊക്കെ അഭിനയിക്കുന്ന പൃഥ്വിരാജാണ് എന്നായി അടുത്ത പരിചയപ്പെടുത്തല്‍. ഫോണില്‍ പറയുന്നത് സിസിലിന് കൃത്യമായി കേള്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായത്. ഞാന്‍ സിനിമയിലഭിനയിക്കുന്ന പൃഥ്വിരാജാണ് എന്ന് പറഞ്ഞപ്പോള്‍ സിസിലിന്റെ മറുപടിയില്‍ മറ്റ് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായില്ല.

സിസിലിന് സമ്മാനം ലഭിച്ച കാര്യം അറിയിക്കുന്നതിനു മുന്‍പ് ആറാം തീയതി റിലീസ് ആകുന്ന തന്റെ ചിത്രമായ ‘ബ്രദേഴ്‌സ് ഡേ’ കുടുംബസമേതം കാണണമെന്ന അഭ്യര്‍ഥനയാണ് പൃഥ്വിരാജ് ആദ്യം നടത്തിയത്. പിന്നീട്, കല്യാണ്‍ സില്‍ക്‌സിലെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച കാര്യം പൃഥ്വിരാജ് വളരെ രസകരമായി അവതരിപ്പിച്ചു. നറുക്കെടുപ്പില്‍ ഫോക്‌സ്‌വാഗൺ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചപ്പോള്‍ “ആ..ഓക്കെ…ഓക്കെ..താങ്ക്യൂ” എന്ന് മാത്രമാണ് സിസില്‍ മറുപടി നല്‍കിയത്. ഇത് പൃഥ്വിരാജിനെ അമ്പരപ്പിച്ചു. കാറ് സമ്മാനമായി കിട്ടിയ വിവരം പറയുമ്പോള്‍ ഇങ്ങനെ ഒരാള്‍ പ്രതികരിക്കുന്നത് ജീവിതത്തില്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതും പൃഥ്വിരാജ് ഫോണിലൂടെ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook