വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. ലോക്ക്ഡൗൺ കാലത്ത് തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ.
ഇപ്പോഴിതാ, സുപ്രിയ പങ്കുവച്ച സോറോയുടെ ചിത്രവും അതിന് ആരാധകർ നൽകിയ രസകരമായ കമന്റുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വെയിൽ കാഞ്ഞിരിക്കുന്ന സോറോയെ ആണ് ചിത്രത്തിൽ കാണാനാവുക. ” നാച്യുറൽ ബ്യൂട്ടി,” എന്നാണ് ചിത്രത്തിന് സുപ്രിയ നൽകിയ ക്യാപ്ഷൻ.
സോറോയുടെ ചെവിക്കരികിലായി ഒരു ചെമ്പരത്തി പൂവും കാണാം. മണിച്ചിത്രത്താഴിൽ കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്പൻ എന്ന ചെവിയിൽ ചെമ്പരത്തി പൂ ചൂടിയ കഥാപാത്രത്തെ ഓർമിപ്പിക്കുന്നുണ്ട് സോറോയുടെ ഈ ചിത്രം. അതിനാൽ തന്നെ, കാട്ടുപറമ്പന്റെ പ്രശസ്തമായ ഡയലോഗ് ( “എന്നെ ശരിക്കും ഒന്ന് നോക്കിയേ, എന്റെ പെരുമാറ്റത്തിൽ എന്തേലും പന്തികേടുണ്ടോ?) ആണ് ആരാധകരിൽ പലരും ചിത്രത്തിന് കമന്റായി നൽകിയിരിക്കുന്നത്.

മുൻപ് സോറോയുടെ ജന്മദിനത്തിൽ സുപ്രിയ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയ്ക്ക് ഒന്നാം പിറന്നാൾ ആശംസകൾ. സോറോ, നീ വീട്ടിലേക്ക് വന്നിട്ട് എട്ടുമാസങ്ങളാവുന്നു. നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ,” എന്നാണ് സുപ്രിയയുടെ ആശംസ. “എന്റെ ചെടികളും ഊഞ്ഞാലും കടിക്കുന്നത് ദയവായി നിർത്തണം.”

പൃഥ്വിയുടെയും സുപ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ആരാധകർക്കും പരിചിതമാണ് സോറാേ.