ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘കുറുപ്പ്’. ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രം കേരളം,മുംബൈ, മൈസൂർ, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായി ആറുമാസം കൊണ്ടാണ് ചിത്രീകരിച്ചത്. മൂത്തോൻ സിനിമയിലൂടെ മലയാളത്തിലെത്തിയ ശോഭിത ധുലീപാലായാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
അതിനിടയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത് മറ്റൊരു താരമാണ്. നടൻ പൃഥ്വിരാജ് സുകുമാരൻ 2010ൽ പങ്കുവച്ച ഒരു ചിത്രമാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്. നീണ്ട മീശയും മുഖത്തേക്ക് വീണുകിടക്കുന്ന മുടിയുമൊക്കെയായി വേറിട്ട ലുക്കിലുള്ള പൃഥ്വിയെ ആണ് ചിത്രത്തിൽ കാണാനാവുക. “ഇത് നമ്മുടെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് അല്ലേ?” എന്നാണ് ചിലർ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. “കുറുപ്പിൽ ആദ്യം അഭിനയിക്കാനിരുന്നത് പൃഥ്വിയോ?” എന്നാണ് ചില ട്രോളന്മാരുടെ ചോദ്യം. എന്തായാലും പൃഥ്വിയുടെ ഈ ത്രോബാക്ക് ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.
ദുൽഖറിന്റെ ആദ്യ സിനിമ ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം എത്തും. ഇന്ദ്രജിത് സുകുമാരൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സണ്ണി വെയ്ൻ, വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

ദുരൂഹതകൾ ബാക്കിയാക്കുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം
1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.
കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.
Read more: ഈ ലോകത്ത് മമ്മൂക്കയ്ക്ക് മാത്രമെങ്ങനെയാണ് ഇത് സാധ്യമാവുന്നത്; ദുൽഖറിനോട് പൃഥ്വി