പരസ്പരം സീരിയല്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗായത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസിനെ ലക്ഷ്യമിട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നത്. വളരെ പരിമിതമായ സൗകര്യത്തില്‍ സീരിയലിലൂടെ അസാധാരണമായ സംഭവങ്ങള്‍ പറയാന്‍ ശ്രമിച്ചത് നേരത്തെ പരിഹാസത്തിന് പാത്രമായിരുന്നു. നിരവധി സന്ദര്‍ഭങ്ങളില്‍ ട്രോളന്മാര്‍ പരസ്പരം സീരിയലുമായി പ്രണയത്തിലായി.

തീവ്രവാദികളുമായി ഏറ്റുമുട്ടുന്നതും, കളിത്തോക്കുമായി ചാടി വീഴുന്നതുമൊക്കെ ട്രോളന്‍മാരെ ഉത്തേജിപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ്. ഞെട്ടിക്കുന്ന ക്ലൈമാക്സ് ആയിരിക്കും സീരിയലിനെന്ന് നേരത്തേ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. അതുപോലെ തന്നെയാണ് സംഭവിച്ചതും. കാപ്സ്യൂള്‍ രൂപത്തിലുളള ബോംബ് വിഴുങ്ങിയ നായകനോടൊപ്പം നായികയും പൊട്ടിത്തെറിച്ച് മരിക്കുന്ന കാഴ്ചയായിരുന്നു സീരിയലിന്റെ ക്ലൈമാക്സ്. അവസാന എപ്പിസോഡ് പുറത്തുവന്നതോടെയും ട്രോളുകള്‍ വ്യാപകമായി.

ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി നായിക ഗായത്രി അരുണ്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. ഇത്രയധികം ട്രോളുകള്‍ വന്ന സീരിയല്‍ മറ്റൊന്ന് ഉണ്ടായിട്ടില്ലെന്ന് ഗായത്രി വ്യക്തമാക്കി. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു. റിലീഫ് ക്യാംപില്‍ പോയപ്പോള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു പലരും. ഈ സ്നേഹമാണ് എന്റെ കഥാപാത്രത്തിന്റെ വിജയം. ഈ സ്നേഹം ഇനിയും ഉണ്ടാവണം. ദീപ്തി എന്ന കഥാപാത്രത്തിന് ലഭിച്ച സ്നേഹം എനിക്കും തരണം. ക്ലൈമാക്സ് ഇങ്ങനെ വേണ്ടായിരുന്നു എന്ന് പറഞ്ഞ് പലരും മെസേജ് അയച്ചു. പക്ഷെ അതൊന്നും നമ്മുടെ കൈയ്യിലല്ല’, ഗായത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook