താരപുത്രനാണെങ്കിലും എപ്പോഴും സാധാരണക്കാരനായ വ്യക്തിയായിട്ട് ജീവിക്കാനാണ് മോഹൻലാലിന്റെ മകൻ പ്രണവിന് ഇഷ്ടം. സിനിമയിൽ വരുന്നതിനു മുൻപേ ലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങൾ പ്രണവ് സ്വന്തമാക്കിയതും എളിമയാർന്ന സ്വഭാവം കൊണ്ടാണ്. പ്രണവ് മോഹൻലാലിന്റെ ലാളിത്യത്തെക്കുറിച്ചുള്ള പല സോഷ്യൽ മീഡിയ പോസ്റ്റുകളും മുൻപ് വൈറലായിട്ടുണ്ട്.
പ്രണവ് മോഹൻലാലിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. കടലിൽ വീണ തെരുവു നായയെ സാഹസികമായി രക്ഷിച്ച് പ്രണവ് കരയ്ക്ക് എത്തിക്കുന്ന വീഡിയോയാണിത്. മോഹൻലാലിന്റെ ഫാൻ പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
കടലിൽനിന്നും നീന്തിവരുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണുന്നത്. കരയിൽ എത്താറാകുമ്പോഴാണ് പ്രണവിന്റെ കയ്യിൽ തെരുവു നായ ഉണ്ടായിരുന്നതായി മനസിലാകുന്നത്. കരയിലെത്തിയ പ്രണവ് തെരുവു നായയെ മറ്റു നായകളുടെ കൂട്ടത്തിലേക്ക് വിടുന്നതും കൂളായി നടന്നതുപോകുന്നതും വീഡിയോയിൽ കാണാം.
മോഹൻലാലിന്റെ ചെന്നൈയിലെ വസതിക്ക് സമീപത്തുവച്ചാണ് സംഭവം നടന്നത്. ദൂരെനിന്നും വീഡിയോ ചിത്രീകരിച്ചിരിക്കുന്നതിനാൽ പ്രണവിന്റെ മുഖം വ്യക്തമല്ല. ലോക്ക്ഡൗൺ സമയത്ത് പ്രണവ് ചെന്നൈയിലായിരുന്നപ്പോൾ പകര്‍ത്തിയ വീഡിയോയാണെന്നുള്ള ചില റിപ്പോര്‍ട്ടുകളുമുണ്ട്.
അടുത്തിടെ പ്രണവിന്റെ മറ്റൊരു വീഡിയോ വൈറലായിരുന്നു. ബാക്ക്പാക്കുമായി യാത്ര ചെയ്യുന്ന പ്രണവിനെ കണ്ടുമുട്ടിയ ഏതാനും യുവാക്കൾ ഷൂട്ട് ചെയ്ത വിഡിയോ ആണിത്. നമുക്ക് വഴിയിൽനിന്ന് ഒരാളെ കിട്ടിയത് കാണണോയെന്ന് ചോദിച്ച് കാമറ പ്രണവിന് നേരെ തിരിക്കുന്ന യുവാക്കൾ അദ്ദേഹത്തോട് ‘എവിടെയോ കണ്ട് പരിചയമുണ്ടല്ലോ ‘ എന്നും ‘പേരെന്താണെ’ന്നും തമാശക്ക് ചോദിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന് പ്രണവ് നടന്നു പോകുന്നതും യുവാക്കളിലൊരാൾ ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ’ എന്ന് പറയുന്നതും വിഡിയോയിലുണ്ട്.
‘ഹൃദയം’ ആണ് പ്രണവ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
Read More: പെട്ടി തോളിൽ ചുമന്ന് പ്രണവ് മോഹൻലാൽ; വീഡിയോ വെെറൽ