യഥാർഥ ജീവിതത്തിൽ വളരെ സിംപിളാണ് പ്രണവ് മോഹൻലാൽ. എല്ലാവരോടും വളരെ സ്‌നേഹത്തിലും സൗമ്യതയിലും പെരുമാറുന്ന താരമെന്നാണ് പ്രണവിനെ കുറിച്ച് ആരാധകർ പറയുന്നത്. ഇപ്പോൾ ഇതാ പ്രണവിന്റെ മറ്റൊരു പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വെെറലായിരിക്കുന്നു. എയർപോർട്ടിൽ നിന്നു പെട്ടി തോളിൽ  ചുമന്ന് പുറത്തേക്ക് എത്തുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

പ്രണവിനൊപ്പം ഡ്രെെവറുണ്ട്. എന്നാൽ, സ്വന്തം പെട്ടി പ്രണവ് തന്നെയാണ് ചുമക്കുന്നത്. പെട്ടിയെടുക്കാൻ ഡ്രെെവർ വന്നെങ്കിലും പ്രണവ് സമ്മതിച്ചില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും പറയുന്നത്. പ്രണവിന്റെ തോളിൽ ഒരു ബാഗ് കാണാം. അതുകൂടാതെ തന്റെ ക്യാരി ബാഗ് തോളിൽ ചുമക്കുന്നതും പ്രണവ് തന്നെ. എയർപോർട്ടിലുണ്ടായിരുന്ന ആരോ ആണ് ഇത് മോഹൻലാലിന്റെ മകനാണെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം വീഡിയോ വെെറലായി. പ്രണവ് നായകനായകുന്ന ‘ഹൃദയം’ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞുപോകുമ്പോഴാണ് സ്വന്തം പെട്ടിയും തോളിൽ ചുമന്ന് താരം പുറത്തേക്ക് നടന്നുനീങ്ങിയതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ഡിസംബറിലായിരുന്നു. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read Also: “ബിഗ് ബോസ് കാണുന്നുണ്ടോ എന്നതല്ല വിഷയം, രജിത്തിനെ പോലൊരാളെ നിങ്ങൾ പിന്തുണയ്‌ക്കുന്നുണ്ടോ?”

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രവും പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. കല്യാണി പ്രിയദർശൻ നായികയായെത്തുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. ഓണത്തിന് സിനിമ തിയറ്ററുകളിലെത്തും. ‘ആദി’, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്നിവയാണ് പ്രണവ് ആദ്യം അഭിനയിച്ച രണ്ട് ചിത്രങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook