മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നിയമസഭയിലെ ഓഫീസിലെത്തിയ പ്രണവാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. ശാരീരിക പരിമിതികള്‍ക്കിടയിലും പുഞ്ചിരി തൂകി ജീവിതത്തെ നോക്കികാണുന്ന പ്രണവ് എം സുബ്രഹ്മണ്യന്‍ എല്ലാവര്‍ക്കും മാതൃകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഇന്നത്തെ കൂടിക്കാഴ്‌ചയെ കുറിച്ച് ഏറെ സന്തോഷത്തോടെയാണ് പ്രണവ് സംസാരിക്കുന്നത്.

നിയമസഭാ ഓഫീസിലേക്ക് കയറി ചെല്ലുമ്പോള്‍ തന്നെ ചിരിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയനെയാണ് കണ്ടതെന്ന് പ്രണവ് പറയുന്നു. എന്റെ കയ്യിലുള്ള തുക ഒന്നും ആകില്ലെന്ന് പറഞ്ഞപ്പോള്‍ അതിനു ഒരുപാട് മൂല്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചുപറഞ്ഞതായി പ്രണവ് പറയുന്നു.

Read Also: കടലുപോലെ തിരയടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍; ‘മൂത്തോന്‍’ ഗംഭീരമെന്ന് മഞ്ജു

ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് മുഖ്യമന്ത്രിക്കു നേരെ കാലു നീട്ടുകയാണ് ചെയ്തത്. അദ്ദേഹം എന്റെ കാലില്‍ തൊട്ടു. അപ്പോള്‍ വല്ലാത്തൊരു അനുഭവമാണുണ്ടായത്. ആ അനുഭവം ഇപ്പോഴും തന്റെ ശരീരത്തില്‍ നില്‍ക്കുന്നതായും പ്രണവ് പറയുന്നു.

“സെല്‍ഫിയെടുക്കാമോ എന്നു ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി സമ്മതം മൂളി. സെല്‍ഫിയെടുക്കാന്‍ അടുത്തു ചെന്നപ്പോള്‍ ചിരിക്ക്യോന്ന് ചോദിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ചിരിവിടര്‍ന്നു. എന്റെ ഭാഗ്യം കൊണ്ട് ആ ചിരി ക്ലിക്കായി.”

മുഖ്യമന്ത്രിക്കൊപ്പമെടുത്ത സെല്‍ഫി തന്റെ കയ്യിലുണ്ടെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നുന്നുണ്ടെന്നും പ്രണവ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ താങ്ങാകുമെന്ന് വിശ്വാസമുണ്ടെന്ന് പറഞ്ഞപ്പോള്‍ ആ വിശ്വാസം ഉറപ്പിച്ചോളൂ എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും ആ വാക്കുകളില്‍ വലിയ ആത്മവിശ്വാസമുണ്ടെന്നും പ്രണവ് പറഞ്ഞു.

Read Also: ഭരണം തുടങ്ങിയത് 91 സീറ്റുകളുമായി, ഇപ്പോള്‍ 93; പിണറായിക്കാലം

ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്ന അനുഭവങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നേരത്തെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. പ്രണവിന്റെ കാല്‍പിടിച്ച് മുഖ്യമന്ത്രി കുശലാന്വേഷണം നടത്തുന്നതും കാലുപയോഗിച്ച് പ്രണവ് സെല്‍ഫിയെടുക്കുന്ന ചിത്രവും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. മുഖ്യമന്ത്രി പങ്കുവച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വെെറലായത്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു.

കെ.ഡി.പ്രസേനന്‍ എംഎല്‍എയും കൂടെയുണ്ടായി. സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ടെന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനയ്ക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ്‌സി കോച്ചിങ്ങിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂര്‍വം യാത്രയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook