ന്യൂഡല്‍ഹി: മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തെ ട്രോളി നടന്‍ പ്രകാശ് രാജ്. മോദിയെ ‘നുണയനായ ലാമ’ എന്ന് അഭിസംബോധന ചെയ്താണ് പ്രകാശ് രാജ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. “സ്വന്തമായി ഒരു പഴ്‌സ് പോലുമില്ലാത്ത സന്യാസിയാണ്. പക്ഷേ, ആരാണ് ഈ വസ്ത്രത്തിനും ക്യാമറ സംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം മുടക്കുന്ന ആള്‍” – പ്രകാശ് രാജ് ഫേസ്ബുക്കില്‍ കുറിച്ചു.

മോദിയുടെ ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്. ചുവപ്പ് പരവതാനിയിലൂടെ മോദി നടന്നു നീങ്ങുന്ന ചിത്രമാണ് പ്രകാശ് രാജ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. പ്രകാശ് രാജിന്റെ പേസ്റ്റിന് താഴെ നിരവധി പേരാണ് മോദിയെ ട്രോളി കമന്റുകളിട്ടിരിക്കുന്നത്. ഗുഹയ്ക്കുള്ളില്‍ ധ്യാനിക്കാനിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പരിഹാസത്തിന് കാരണമായിരുന്നു. ധ്യാനിക്കാന്‍ ക്യാമറയുമായാണോ മോദി പോയതെന്ന് തുടങ്ങിയുള്ള ട്രോളുകളാണ് മോദിക്ക് ലഭിച്ചത്.

Read More: ധ്യാനം കഴിഞ്ഞ് മോദി ഗുഹയില്‍ നിന്ന് പുറത്തിറങ്ങി; ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസമാണ് മോദി കേദാർനാഥിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ യാത്ര നടത്താൻ മോദിക്ക് പ്രത്യേക അനുമതി നൽകിയിരുന്നു. ഇന്നലെ പരമ്പരാഗതമായ പഹാഡി വസ്ത്രമണിഞ്ഞാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി രണ്ടരമണിക്കൂർ നടന്നാണ് ഗുഹയിലെത്തിയത്. രാത്രി മുഴുവന്‍ ഗുഹയില്‍ ചെലവഴിച്ച പ്രധാനമന്ത്രി ഇന്ന് ബദരീനാഥിലേക്ക് പോകും. ഇന്ന് തന്നെ ഡെല്‍ഹിയില്‍ മടങ്ങി എത്തുകയും ചെയ്യും. ക്ഷേത്ര സന്ദര്‍ശനത്തിനിടെ കേദാര്‍നാഥ് വികസന പ്രോജക്ടും മോദി ചര്‍ച്ച ചെയ്തു.

ഗുഹയില്‍ നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടു. പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവത്തോട് താന്‍ ഒന്നും ആവശ്യപ്പെട്ടില്ലെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: ‘മോദി ധ്യാനത്തിലാണ്’; കേദാര്‍നാഥിലെ ഗുഹയിലെത്തിയത് രണ്ടര മണിക്കൂര്‍ നടന്ന്

‘നമ്മുടെ രാജ്യത്തെ ജനങ്ങള്‍ നമ്മുടെ രാജ്യം കണ്ടറിയണം. വിദേശ രാജ്യങ്ങളില്‍ പോകുന്നതിന് ഞാന്‍ എതിരല്ല. പക്ഷെ നമ്മുടെ രാജ്യത്തെ വ്യത്യസ്ഥ സ്ഥലങ്ങളും നമ്മള്‍ കാണണം,’ മോദി പറഞ്ഞു. ഏകാന്ത ധ്യാനം അവസാനിപ്പിച്ച മോദി കേദാർനാഥ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകും. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം ബദരിനാഥിലേക്ക‌് പോകും. ഏകാന്തവാസത്തിന് സമയം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുന്നതായി അദ്ദേഹം വ്യക്തമാക്കി. ‘ദൈവത്തോട് എനിക്ക് വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ല. ദൈവമാണ് എല്ലാത്തിനും നമുക്ക് കഴിവ് തന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കണമെന്നാണ് പ്രാര്‍ത്ഥിച്ചത്,’ മോദി മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook