തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളേയും ഫുട്ബോള്‍ പരിശീലകനേയും ദൗത്യസംഘം രക്ഷപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ അഭിനന്ദനപ്രവാഹം. 18 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് 13 പേരേയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തകരേയും ധൈര്യസമേതം ഇത്രയും ദിവസം ഗുഹയില്‍ തുടര്‍ന്ന കുട്ടികളേയും പരിശീലകരേയും സോഷ്യൽ മീഡിയയില്‍ വാനോളം പുകഴ്ത്തി.
ജൂണ്‍ 23നാണ് 13 പേര്‍ ചിയാങ് റായ് പ്രവിഷ്യയിലെ താം ലുവാങ് നാങ് നോണ്‍ ഗുഹയില്‍ മഴയും വെളളപ്പൊക്കവും കാരണം അകപ്പെട്ടത്. എല്ലാവരും രക്ഷപ്പെട്ടതോടെ തായ് രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചുളള പോസ്റ്റുകള്‍ സോഷ്യൽ മീഡിയയില്‍ നിറഞ്ഞു. ദൗത്യം വിജയിച്ചതില്‍ ആശ്വാസം പ്രകടിപ്പിച്ച് ലോകത്തെ പല കോണില്‍ നിന്നും പോസ്റ്റുകള്‍ നിറഞ്ഞു. ഈ രക്ഷാപ്രവര്‍ത്തനം ഒരു സിനിമയാക്കണമെന്നാണ് ഒരാള്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. തായ്‌ലന്‍ഡ് മുങ്ങല്‍ വിദഗ്‌ധ സംഘമായ സീലിന്റെ പരിശ്രമത്തെ എല്ലാവരും എടുത്ത് പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാണ് പുരോഗമിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ ചിയാങ് റായിലെ ആശുപത്രിയിലെത്തിച്ചു. ഏറ്റവും ദുര്‍ബലരായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്. ആംബുലന്‍സുകളും സൈനിക ഹെലികോപ്ടറുകളും മേഖലയില്‍ സജീവമായിരുന്നു. എല്ലാ കുട്ടികളേയും രക്ഷപ്പെടുത്തിയതായി തായ്‌ലന്‍ഡ് നേവി വിഭാഗം അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും ഇവര്‍ അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു. അഞ്ചു തായ് മുങ്ങല്‍ വിദഗ്ധരും 13 രാജ്യന്തര നീന്തല്‍ സംഘത്തിലെ അംഗങ്ങളും അടങ്ങുന്ന 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവര്‍ വീതമുണ്ടായിരുന്നു. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് കുട്ടികളെ രക്ഷിക്കാന്‍ സ്വീകരിച്ചത്. ഇടുങ്ങിയ, ദുര്‍ഘടമായ വഴികളാണ് ഗുഹയില്‍ പലയടിത്തും. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിയാണ് കുട്ടികളെ പുറത്തെത്തിച്ചത്. ഗുഹയ്ക്കു പുറത്തു നിന്ന് കുട്ടികൾ ഇരിക്കുന്ന സ്ഥലത്തേയ്‌ക്കെത്താന്‍ ആറു മണിക്കൂറാണ് എടുത്തത്.