പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും അമ്മയും അച്ഛനും മാത്രമല്ല പൂർണിമയും ഇന്ദ്രജിത്തും, ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അതുകൊണ്ടുകൂടിയാകണം സംസ്ഥാന സർക്കാരും വനിത ശിശുക്ഷേമ വകുപ്പും യുനിസെഫും ചേർന്നു നടത്തുന്ന ‘നമുക്ക് വളരാം നന്നായി വളർത്താം’ എന്ന ക്യാംപെയിന്റെ ഭാഗമാകാൻ ഇരുവരും നിയോഗിക്കപ്പെട്ടത്. കുട്ടികളെ എങ്ങനെ വളർത്തരുത് എന്നാണ് ഇവിടെ ഈ അച്ഛനമ്മമാർ പറയുന്നത്.
“കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുണ്ട്. ചെയ്യാൻ പാടില്ലാത്തതും. അതിൽ പലതും അവരെ മുറിപ്പെടുത്തിയേക്കാം. വിപരീതഫലം ഉണ്ടാക്കിയേക്കാം. എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങൾ?” എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ചില വാർപ്പുമാതൃകളേയും ചെറുപ്പം മുതൽ കുട്ടികൾക്കുള്ളിൽ ഉണ്ടാക്കിയെടുക്കുന്ന അപകർഷത ബോധങ്ങളേയുമാണ് വീഡിയോയിൽ ഇരുവരും വിമർശിക്കുന്നത്.
അടുത്തിടെയായിരുന്നു പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും പതിനെട്ടാം വിവാഹ വാർഷികം. ജീവിതം എല്ലാത്തരത്തിലും ആഘോഷിക്കുന്ന ദമ്പതികളാണ് ഇവർ. കഴിഞ്ഞ 18 വർഷങ്ങൾ ഇന്ദ്രന്റെ നൃത്തം പോലെ മൃദുലവും എന്റെ നൃത്തം പോലെ ഭ്രാന്തവുമായിരുന്നു എന്നായിരുന്നു പൂർണിമ കുറിച്ചത്.
കഴിഞ്ഞ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു ഓർമ്മക്കുറിപ്പായിരുന്നു പൂർണിമ പങ്കുവച്ചിരുന്നത്. തങ്ങളുടെ പ്രണയനാളുകളെ കുറിച്ചായിരുന്നു അന്ന് പൂർണിമ എഴുതിയത്.
“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,” എന്നായിരുന്നു പൂർണിമയുടെ വാക്കുകൾ.
Read More: ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ…; ഒന്നിച്ച് ചുവടുവച്ച് പൂർണിമയും ഇന്ദ്രജിത്തും- വീഡിയോ