‘ഞാനും ഞാനുമെന്റാളും ആ നാല്പതു പേരും…’ ഒരു വര്‍ഷം മുമ്പ് ഒട്ടുമിക്ക മലയാളികളുടേയും ചുണ്ടിലുണ്ടായിരുന്നു പൂമരത്തിലെ ഈ പാട്ട്. അതെ, ഈ പാട്ട് പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ് പൂമരം എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ടും കാലം കുറേയായി. എന്തായാലും പാട്ടിന്റെ ഒന്നാംവാര്‍ഷികം ആഘോഷിക്കുകയാണ് കാളിദാസ്. ഒപ്പം ട്രോളുകളുമായി സോഷ്യല്‍ മീഡിയയും.

ബാലതാരമായി വന്ന് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ കാളിദാസ് ജയറാം മലയാള സിനിമയില്‍ നായകനായി അരങ്ങേറുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പൂമരത്തിലെ ആ ഗാനം കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മൂളികൊണ്ട് നടന്നു. ക്രിസ്മമസ് കരോളുകളില്‍ പോലും ഗാനം ഇടം പിടിച്ചു.

എന്നാല്‍ ചിത്രം ഇന്നിറങ്ങും നാളെയിറങ്ങും എന്നും പറഞ്ഞ് പ്രേക്ഷകര്‍ കാത്തിരിപ്പു തുടങ്ങിയിട്ട് കാലം കുറേയായി. കാത്തിരുന്നു മടുത്തപ്പോള്‍ ആ മടുപ്പ് ട്രോളുകളിലേക്കെത്തി. നീണ്ടു നീണ്ടു പോകുന്ന കാര്യങ്ങളെ ‘പൂമരം പോലെയാകുമോടേയ്’ എന്നു വരെ വിശേഷിപ്പിച്ചു തുടങ്ങി. ഇപ്പോള്‍ ഗാനമിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് കൊണ്ട് കാളിദാസ് ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനും ട്രോളോട് ട്രോള്‍

പൂമരം ക്രിസ്മമസിന് തിയേറ്ററുകളില്‍ എത്തുമെന്ന വാര്‍ത്തയും ഏത് ക്രിസ്മസ് എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് എല്ലാ വര്‍ഷവും ക്രിസ്മസ് ഉണ്ടല്ലോ എന്ന ഉത്തരവുമായി സംവിധായകന്‍ വരുന്നതും സൂപ്പര്‍ഹിറ്റ് ചിത്രം പഞ്ചാബി ഹൗസിലെ കോമഡി രംഗങ്ങള്‍ വച്ചാണ് ട്രോളിറക്കിയിരിക്കുന്നത്. പൂമരമിറങ്ങാന്‍ കാളിദാസന്‍ കാത്തിരുന്ന പോലെ കാഞ്ചന പോലും മൊയ്തീനു വേണ്ടി കാത്തിരുന്നു കാണില്ലെന്നും പരിഹാസങ്ങളുണ്ട്.

ട്രോളുകൾക്ക് കടപ്പാട്: ട്രോൾ റിപബ്ലിക്, ഇന്റർനാഷണൽ ചളു ചൂണിയൻ, ട്രോൾ കമ്പനി, എന്റർടെയിൻമെന്റ് ഹബ്, സിനിമ മിക്സർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook