നിപ്പയെ അതിജീവിച്ച കേരളത്തിന്റെ കഥയുമായാണ് ആഷിഖ് അബു ചിത്രം ‘വൈറസ്’ എത്തുന്നത്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. കണ്ടവരെല്ലാം നിപ്പയുടെ നാളുകളില്‍ കടന്നു പോയ ഭീതിയും അരക്ഷിതാവസ്ഥയുമെല്ലാം ഓര്‍ത്തെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ നിപ്പ ഭീതിയേയും വൈറസ് ട്രെയിലറിനെ കുറിച്ചുമുള്ള പൊന്നു ഇമ എന്ന യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രേദ്ധേയമാവുകയാണ്.

”ഇന്നലെ രാത്രി വൈറസ് സിനിമയുടെ ട്രെയ്ലര്‍ കണ്ടപ്പോള്‍ എന്തൊക്കെയോ ഓര്‍ത്ത് പോയി. ആ പതിനേഴ് പേര്‍. തിരിച്ച് കയറി വന്ന ആ ഒരാള്‍, ലിനി സിസ്റ്റര്‍ അടക്കമുള്ള ഞങ്ങടെ സുഹൃത്തുക്കളെ പരിപാലിച്ച നേഴ്സ്മാരും ഡോക്ടര്‍മാരും. പിന്നെ എല്ലാം കൂട്ടിയിണക്കി കൊണ്ടു പോയ ശൈലജ ടീച്ചര്‍. എല്ലാം കൂടെ മനസില്‍ കയറി വന്നപ്പോള്‍ ആകെ വട്ടായി, വിഷമായി, കരച്ചിലായി” പൊന്നു പറയുന്നു.

”വീണ്ടും വീണ്ടും യൂട്യൂബില്‍ ട്രെയിലര്‍ കാണാന്‍ തുടങ്ങി. കൂടെയിരിക്കുന്നവരോടൊക്കെ പറഞ്ഞു,’വൈറസ് മൂവിയുടെ ട്രെയ്ലര്‍ കാണ്. അതിലെ അവസാന സീന്‍ ഇല്ലേ, സൗബിന്റെ. അത് സത്യാണ്. ഞങ്ങടെ കഥയാണ്. കാണ്. കാണ്” അവര്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ടാം വര്‍ഷ പരീക്ഷകള്‍ കഴിഞ്ഞ് നാട്ടിലെത്തിയ സമയം..
ബാലുശ്ശേരി സ്റ്റാന്‍ഡില്‍ ബസും കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍.
കടകളെല്ലാം അടച്ചിരുന്നു,
ബസ് സ്റ്റാന്‍ഡ് പതിവിനേക്കാള്‍ ഒഴിഞ്ഞിരിയ്ക്കുന്നു.
മൊത്തത്തില്‍ പന്തികേട്.

ഇടക്ക് വെച്ച് ഒരു പരിചയക്കാരി ചേച്ചിയെ കൂട്ട് കിട്ടി.
ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരേ സ്ഥലത്തേയ്ക്കാണ് പോവേണ്ടത്.

‘മോളിപ്പോ വെരണ്ടായ്‌നു. ആടത്തന്നെ നിന്നൂടെനോ കൊറച്ചെസം ?’
‘അതെന്തേ ?’
‘നിപ്പയല്ലേ മോളെ ഇവിടൊക്കെ… തീ തിന്ന് ജീവിക്ക്യാ ഞാളൊക്ക.’

സംസാരിച്ച് നില്‍ക്കുമ്പോഴേയ്ക്കും പേരാമ്പ്രയ്ക്കുള്ള ബസ് വന്നു. അതില്‍ കയറിയാല്‍ കൂട്ടാലിട ഇറങ്ങാം. പിന്നെ വീട്ടിലേയ്ക്ക് ഓട്ടോ വിളിച്ചാ മതി.

‘വാ ചേച്ചീ കയറാം’

‘അതില്ല് കേറണ്ട മോളെ, വേറെ ബസ് വരട്ടെ’

‘അതെന്താപ്പോ ?’

‘ഞാളിപ്പോ പേരാമ്പ്ര ബസിലൊന്നും കേറലില്ല. ആട്ന്നല്ലേ ഇതൊക്ക തൊടങ്ങ്യെ.. ലിനി സിസ്റ്ററിന്റെ കഥയൊക്ക കേട്ടില്ലേ ങ്ങി. പേട്യാണ് മോളെ..’

‘അങ്ങനൊന്നുല്ലപ്പാ.. ഇപ്പൊ കൊറേ നിയന്ത്രണത്തിലായ്ക്ക്ന്ന്.. പേടിക്കാണ്ടിരിക്കി.. വാ നമ്മക്ക് കയറാം’

ഒരു വിധത്തില്‍ ബസില്‍ കയറ്റി.
പക്ഷെ പതുക്കെ പതുക്കെ എല്ലാവരെയും പോലെ ആ പേടി എന്നേയും കീഴ്‌പ്പെടുത്താന്‍ തുടങ്ങിയിരുന്നു.
ബസിലാകെ അഞ്ചോ ആറോ ആള്‍ക്കാര്‍.
മാസ്‌ക്കിട്ട മുഖങ്ങള്‍ പരമാവധി തൊടാതെ ദൂരെ ദൂരെ മാറി സീറ്റിന്റെ അറ്റത്തോട്ടിരിയ്ക്കുന്നു പരസ്പരം മുഖം നോക്കാതെ, മിണ്ടാതെ, തിരിഞ്ഞിരിയ്ക്കുന്നു.

കൂട്ടാലിട അങ്ങാടിയിലും ആരുമില്ല.
ഓട്ടോ കയറി വീട്ടിലേക്ക് പോകുമ്പോഴും, പരിചയക്കാരെ കണ്ടാലും, വീട്ടിലിരിക്കുമ്പോഴും എല്ലാം എല്ലാവര്‍ക്കും പറയാനുള്ളത് നിപ്പാ കഥകള്‍ മാത്രം.

പരസ്പരം പേടിയോടെ, സംശയത്തോടെ, ദേഷ്യത്തോടെ മാത്രം നോക്കുന്ന ദിവസങ്ങള്‍.
അങ്ങാടിയിലേയ്ക്ക് ഇറങ്ങാന്‍ പേടിയാണ്, നിരനിരയായി കടകള്‍ അടച്ചിട്ടത് കാണുമ്പോള്‍,
റോഡില്‍ വണ്ടികള്‍ കാണാതാവുമ്പോള്‍,
ആശുപത്രി എന്ന് കേള്‍ക്കുമ്പോള്‍,
പേരാമ്പ്ര എന്ന് ആരെങ്കിലും പറയുമ്പോള്‍,
സ്‌കൂളിന്റെ അവധി നീട്ടിക്കൊണ്ടുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍,
എല്ലാം പേടിയാണ്

അടുത്ത് നില്‍ക്കുന്നയാള്‍ ഒന്ന് ചുമച്ചാല്‍, തുപ്പിയാല്‍, പെട്ടെന്ന് എന്തെങ്കിലും പറഞ്ഞാല്‍ പേടിയാണ്, സംശയമാണ്, ദേഷ്യമാണ്.

മരിച്ച് ജീവിച്ച ദിവസങ്ങള്‍.

ഇന്നലെ രാത്രി വൈറസ് സിനിമയുടെ ട്രെയ്ലര്‍ കണ്ടപ്പോള്‍ എന്തൊക്കെയോ ഓര്‍ത്ത് പോയി..
ആ പതിനേഴ് പേര്‍. തിരിച്ച് കയറി വന്ന ആ ഒരാള്‍, ലിനി സിസ്റ്റര്‍ അടക്കമുള്ള ഞങ്ങടെ സുഹൃത്തുക്കളെ പരിപാലിച്ച നേഴ്സ്മാരും ഡോക്ടര്‍മാരും. പിന്നെ എല്ലാം കൂട്ടിയിണക്കി കൊണ്ടു പോയ ശൈലജ ടീച്ചര്‍.
എല്ലാം കൂടെ മനസില്‍ കയറി വന്നപ്പോള്‍ ആകെ വട്ടായി, വിഷമായി, കരച്ചിലായി.

വീണ്ടും വീണ്ടും യൂട്യൂബില്‍ ട്രെയിലര്‍ കാണാന്‍ തുടങ്ങി.
കൂടെയിരിക്കുന്നവരോടൊക്കെ പറഞ്ഞു,

‘വൈറസ് മൂവിയുടെ ട്രെയ്ലര്‍ കാണ്. അതിലെ അവസാന സീന്‍ ഇല്ലേ, സൗബിന്റെ. അത് സത്യാണ്. ഞങ്ങടെ കഥയാണ്. കാണ്. കാണ്’

ഇത് വായിക്കുന്നവരോടും അതേ പറയാനുള്ളൂ… കാണ്..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook