ഹൈദരാബാദ്: സൂപ്പര്‍ബൈക്കുകളുമായി ചീറിപ്പായുന്ന യുവാക്കള്‍ എന്നും പൊലീസിന്റെ കണ്ണിലെ കരടാണ്. പലപ്പോഴും സൂപ്പർ ബൈക്ക് ഉടമസ്ഥരെ തടഞ്ഞുനിർത്തി അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്ന പൊലീസുകാരുടെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. യൂട്യൂബ് ചാനലുകളുളള യുവാക്കള്‍ പലപ്പോഴും തങ്ങളുടെ യാത്രകൾ പകര്‍ത്തി മറ്റുളളവര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുമുണ്ട്. ഇത്തരത്തിലാണ് പൊലീസുകാരുടെ വീഡിയോകള്‍ പുറത്തുവരുന്നത്. എന്നാല്‍ സൊഹൈര്‍ അഹമ്മദ് എന്ന യുവാവ് പങ്കുവച്ച വീഡിയോ ഇതിന് വിപരീതമായ ഒന്നാണ്.
ഡുക്കാട്ടി ബൈക്കുമായി നിരത്തിലിറങ്ങിയ സൊഹൈറിന് വ്യത്യസ്ഥമായൊരു അനുഭവമാണ് ഉണ്ടായത്. ഇന്ത്യയിലൊട്ടാകെ യാത്ര നടത്തി വീഡിയോ പകര്‍ത്തി യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യാറുളളയാളാണ് ഇദ്ദേഹം. ഒരു യാത്രയ്ക്കിടെ ഹൈദരാബാദില്‍ വച്ചാണ് സൊഹൈറിനെ രണ്ട് പൊലീസുകാര്‍ സമീപിച്ചത്. ഡുക്കാട്ടി ബൈക്ക് കണ്ട് കൗതുകം തോന്നിയാണ് പൊലീസുകാര്‍ ഇദ്ദേഹത്തിന്റെ അടുത്തെത്തിയത്.
ബൈക്കിന്റെ വിലയും മറ്റ് വിവരങ്ങളും ആദ്യം പൊലീസുകാര്‍ ചോദിച്ചറിഞ്ഞു. 18 ലക്ഷം രൂപയാണ് ബൈക്കിന്റെ വിലയെന്ന് കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. പിന്നീട് സൊഹൈറിന്റെ സമ്മതം ചോദിച്ച് ഒരു പൊലീസുകാരന്‍ ബൈക്കോടിച്ചു. സന്തോഷത്തോടെയാണ് സൊഹൈര്‍ ബൈക്ക് ഓടിക്കാന്‍ നല്‍കിയത്. രണ്ടാമത്തെ പൊലീസുകാരന് ബൈക്കില്‍ ഇരുന്ന് ഫോട്ടോ പകര്‍ത്തുകയാണ് വേണ്ടിയിരുന്നത്. എന്തായാലും ഇതിന്റെ വീഡിയോ സൊഹൈര്‍ പകര്‍ത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിലും വീഡിയോ പ്രചരിച്ചു. ജൂലൈ 25ന് പോസ്റ്റ് ചെയ്ത വീഡിയോ മൂന്ന് ദിവസം കൊണ്ട് 11.5 ലക്ഷം പേരാണ് കണ്ടത്.