പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കില്ലെന്ന പേരില്‍ നടക്കുന്ന സംഘര്‍ഷത്തിനിടെ ബൈക്ക് പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊലീസുകാരന്‍ ഹെൽമെറ്റ് മോഷ്ടിച്ചുവെന്ന നിലയില്‍ ഇന്നലെ മുതല്‍ പ്രചരണം ശക്തമായിരുന്നു. എന്നാല്‍ ഹെൽമെറ്റ് ബൈക്കില്‍ നിന്നെടുത്തത് മോഷണമായിരുന്നില്ലെന്നാണ് പൊലീസുകാരന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സമരാനുകൂലികള്‍ തന്നെ ഇതിന് വലിയ പ്രചാരണം നല്‍കിയിരുന്നു. ട്രോളന്‍മാര്‍ വിഷയം ഏറ്റെടുത്തതോടെ ആഘോഷമാകാന്‍ അധികം സമയം വേണ്ടിവന്നില്ല. ഇതോടെ വിവാദത്തില്‍ പെട്ട അഗസ്റ്റിന്‍ ജോസഫ് എന്ന പൊലീസുകാരന്‍ വിശദീകരണവുമായി ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തുകയായിരുന്നു.

‘ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്. മഴ പെയ്യുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്. അതില്‍ നിന്നും രക്ഷപ്പെടുന്നതിനു അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ്. അതെടുത്തു വച്ചു. അതില്‍ തെറ്റായി ഒന്നും തോന്നിയതും ഇല്ല. പിന്നെ ഞങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല’ അഗസ്റ്റിന്‍ ജോസഫ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്… മഴ പെയ്യുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്. അതില്‍ നിന്നും രക്ഷപ്പെടുന്നതിനു അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ്, അതെടുത്തു വച്ചു. അതില്‍ തെറ്റായി ഒന്നും തോന്നിയതും ഇല്ല. പിന്നെ ഞങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല… കൂടെ ഉള്ള പലരും ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണു അവരെ കുറിച്ച് മാധ്യമങ്ങളും പറഞ്ഞു കാണില്ല ചര്‍ച്ചയും ചെയ്യില്ല.. ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെല്‍മെറ്റ് എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പൊലീസിനെ കല്ലെറിയുന്നവരും വീട്ടില്‍ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങള്‍ക്കും കുടുംബം ഉണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ