ഫെയ്സ്ബുക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ഷെയർ ചെയ്ത വീഡിയോയാണ് അറസ്റ്റിനെത്തിയ പൊലീസുകാരുടെ ഇടയിൽ തന്റെ കുഞ്ഞിനെ ചേർത്ത് പിടിക്കുന്ന അമ്മയുടേത്. ന്യൂയോർക്കിലാണ് സംഭവം. തന്റെ കുട്ടിയുടെ ഡേ കെയറുമായി ബന്ധപ്പെട്ട കാര്യത്തിനായി ഹ്യൂമൻ റിസോർസ് അഡ്മിനിസ്ട്രേഷൻ ഓഫിസിലെത്തിയതായിരുന്നു ജാസ്മിൻ ഹെഡ്‍ലി എന്ന യുവതിയും കുഞ്ഞും.

നാല് മണിക്കൂറായി ഓഫീസിൽ കാത്തിരിക്കുകയായിരുന്ന യുവതി കസേര ഇല്ലാത്തതിനാൽ നിലത്ത് ഇരുന്നു. ഇതോടെ സുരക്ഷ ജീവനക്കാരൻ അവിടെ നിന്ന് മാറാൻ അവശ്യപ്പെടുകയും യുവതി വിസമ്മതിക്കുകയും ചെയ്തതോടെ തർക്കം തുടങ്ങി. ഇതോടെ ജീവനക്കാർ പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി യുവതിയോട് മാറാൻ അവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതി തുടർന്നും പിന്മാറാൻ തയ്യാറാകാതെ വന്നതോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങി. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടിയെ മാറ്റാനുള്ള ശ്രമം അമ്മ എതിർത്തു. പൊലീസ് ബലപ്രയോഗത്തിലൂടെ കുട്ടിയെ അമ്മയിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

‘അവരെന്റെ കുട്ടിയെ ഉപദ്രവിക്കുന്നു’ എന്ന് ജാസ്മിൻ അലറി വിളിക്കുന്നതും വ്യക്തമായി കേൾക്കാം. പൊലീസിന്റെ നടപടിയിൽ വിമർശനം ശക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook