കൊച്ചി: സോഷ്യൽ മീഡിയയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമൻ തന്നെ. ഫെയ്സ്ബുക്കിൽ മോദിയെ പിന്തുടരുന്നവരുടെ എണ്ണം നാലു കോടിയിൽ എത്തി നിൽക്കുകയാണ്.  ബർസ്റ്റൺ മാർസ്റ്റെല്ലർ എന്ന വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുന്ന സോഷ്യൽ മീഡിയ പഠനത്തിലാണ്, ഫെയ്സ്ബുക്കിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള ലോകനേതാക്കളിൽ മോദി ഒന്നാമനായത്.  അതേസമയം രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇപ്പോൾ രണ്ട് കോടി ഫോളോവേഴ്സാണ് ഉളളത്.

സോഷ്യൽ മീഡിയയിലെ ലോക നേതാക്കളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിനെ ആധാരമാക്കിയാണ് പഠനം നടത്തിയത്. നരേന്ദ്ര മോദിയുടെ പേജിനാണ് ലോകത്ത് തന്നെ ഏറ്റവുമധികം ഫോളോവേഴ്സുള്ളത്. അതേസമയം പിഎംഒയുടെ അക്കൗണ്ടിന് ഇപ്പോൾ 1.31 കോടി പിന്തുടർച്ചക്കാരുണ്ട്. ഈ അക്കൗണ്ടാണ് നിലവിൽ മൂന്നാം സ്ഥാനത്തുള്ളത്.

വിവിധ ദേശീയ നേതാക്കളുടെ 590 ലധികം ഫെയ്‌സ്ബുക്ക് പേജിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പഠനം നടത്തിയത്. ഇതിൽ നരേന്ദ്ര മോദിക്ക് പിന്നിൽ  രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ നേതാവ്, രാഷ്ട്രപതി പ്രണബ് മുഖർജിയാണ്. കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ലോക റാങ്കിങ്ങിൽ പ്രണബ് മുഖർജിയുടെ സ്ഥാനം ഒൻപതും, സുഷമ സ്വരാജിന്റേത് 16 മാണ്.

ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നതിന് പുറമേ,  ഏറ്റവുമധികം പേരുടെ ലൈക്കും കമന്റും ഷെയറും ലഭിക്കുന്ന ലോക നേതാവും നരേന്ദ്ര മോദി തന്നെ. അദ്ദേഹത്തിന്റെ മാതാവ് പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കുന്ന ചിത്രത്തിനാണ് നിലവിൽ ഏറ്റവുമധികം ലൈക്കും കമന്റും ഷെയറും ലഭിച്ചിരിക്കുന്നത്. 5.8 കോടി പാരസ്‌പര്യമുള്ള കംബോഡിയ പ്രധാനമന്ത്രി സാംഡെക് ഹുൻ സെന്നിന്റെ പോസ്റ്റുകളെ രണ്ടാം സ്ഥാനത്ത് ബഹുദൂരം പിന്നിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പോസ്റ്റുകൾ 16.9 കോടിയാണ് പാരസ്പര്യം നേടുന്നത്.

കേന്ദ്രമന്ത്രിമാരുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗ തീരുമാനങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം അടുത്തിട ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ് തന്റെ പോസ്റ്റിൽ പരാമർശിച്ചിരുന്നു. “സോഷ്യൽ മീഡിയ ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള പ്രതലമായി ഇന്ത്യൻ പ്രധാനമന്ത്രി ഉപയോഗിക്കുന്നു”വെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ