രാജ്യത്ത് എഞ്ചിനീയറിംഗ് സ്വപ്നങ്ങളുമായി നടക്കുന്ന നിരവധി വിദ്യാർത്ഥികളാണ് ഉള്ളത്. അതിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ). ഇപ്പോഴിതാ ജെഇഇ പരീക്ഷയുടെ ചോദ്യപേപ്പറാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഇടക്ക് ചർച്ചയാകാറുണ്ടെങ്കിലും ഇത് അങ്ങനെ ഒന്നല്ല. ചോദ്യപേപ്പറിന്റെ ഉപയോഗമാണ് ചർച്ചയാവുന്നത്.
പരീക്ഷയുടെ ചോദ്യപേപ്പർ പേപ്പർ പ്ലേറ്റാക്കി മാറിയിരിക്കുകയാണ്. അനുരാഗ് എന്നൊരാളാണ് ട്വിറ്ററിലൂടെ ‘ചോദ്യപേപ്പർ പ്ളേറ്റിന്റെ’ ചിത്രം പങ്കുവച്ചത്. ചോദ്യപേപ്പർ എന്ന് തോന്നിക്കുന്ന പ്ളേറ്റിൽ ഓരോ ചോദ്യത്തിനും ശേഷം, “ജെഇഇ മെയിൻ-2021 (ഫെബ്രുവരി)” എന്ന് എഴുതിയിട്ടുണ്ട്.
നിരവധിപേർ ചിത്രത്തിന് രസകരമായ കമന്റുകൾ നൽകിയിട്ടുണ്ട്. “എന്റെ ജീവിതം സങ്കീർണ്ണമാക്കി” എന്നാണ് ഒരാളുടെ കമന്റ്, “ഞാൻ ഒരു ജെഇഇ പരീക്ഷ പാസാക്കാനുള്ള ഏക മാർഗം അതിലൊരു സമൂസ ഇട്ട് മറ്റൊരാൾക്ക് കൊടുക്കുക എന്നതാണ് എന്നാണ് ഒരാളുടെ കമന്റ്.”
അതേസമയം ഇതുപോലെ ഓരോ വസ്തുക്കളും പ്രകൃതിക്ക് ഭാരമാകാതെ റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കുന്നതിലെ സന്തോഷവും ചിലർ പങ്കുവച്ചിട്ടുണ്ട്.
Also Read: ‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്’; കറുപ്പിൽ മുങ്ങി സോഷ്യൽ മീഡിയ, ട്രോളുകൾ കാണാം