വാഷിങ്ടണ്‍: വ്യാഴാഴ്ച മൊന്റാനയിലെ ബില്ലിങ്സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ റാലിയില്‍ പങ്കെടുത്ത ഒരു കൗമാരക്കാരനാണ് ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചാ വിഷയം. പ്രസിഡന്റ് സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ആവേശപൂര്‍വ്വം കേട്ടിരിക്കുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും. ഇതിനിടയിലാണ് ട്രംപിന്റെ തൊട്ടുപിന്നില്‍ നിന്ന 17കാരനായ ടെയ്‍ലര്‍ ലിന്‍ഫെസ്റ്റി കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.

പ്ലെയിഡ് ഷര്‍ട്ട് ധരിച്ചിരുന്ന ടെയ്‍ലറിന്റെ മുഖഭാവം ലക്ഷക്കണക്കിന് പേരാണ് ലൈവായി ടിവിയിലൂടേയും നേരിട്ടും കണ്ടത്. ട്രംപ് സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മുഖഭാവം മാറുന്ന ടെയ്‍ലറിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. എന്നാല്‍ റാലിക്കിടെ കൗമാരക്കാരനെ ഒരു സ്ത്രീ വന്ന് ട്രംപിന്റെ പിന്നില്‍ നിന്ന് മാറ്റുകയും ചെയ്തു. ട്രംപിന്റെ ഓരോ വാക്കിലും ടെയ്‍ലര്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

‘ചരിത്രത്തിലെ ഏറ്റവും മികച്ച സമ്പദ്‍വ്യവസ്ഥയാണ് നമുക്കുളളത്’, ട്രംപ് ഇത് പറഞ്ഞതും ആശ്ചര്യത്തോടെ വാ പൊളിച്ച ടെയ്‍ലര്‍ തന്റെ സുഹൃത്തുക്കളെ ഒന്ന് നോക്കി.

‘സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ റെക്കോര്‍ഡ് ഉയരത്തിലാണ് ഉളളത്’, തൊഴിലില്ലായ് വളരെ കുറവാണ്’,

ഇത് കേട്ടതും ടെയ്‍ലര്‍ നെറ്റി ചുളിച്ച് ചുണ്ട് പല്ല് കൊണ്ട് കടിച്ച് അസംതൃപ്തനായി നിന്നു.

‘പോരാത്തതിന് അമേരിക്കക്കാര്‍ മുമ്പെങ്ങും ഇല്ലാത്ത വിധം നന്നായി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു’ ട്രംപ് അവകാശപ്പെട്ടു.

‘ഈസ് ദാറ്റ് ട്രൂ? (അത് സത്യമാണോ) എന്ന് ടെയ്‍ലര്‍ സ്വയംചോദിച്ച് ആശ്ചര്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യങ്ങള്‍ ലൈവായി കണ്ട സുഹൃത്തുക്കള്‍ അപ്പോള്‍ തന്നെ ടെയ്‍ലറിന് സന്ദേശം അയച്ചു. ഇതിന് പിന്നാലെയാണ് കീശയില്‍ നിന്നും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക എന്നെഴുതിയ സ്റ്റിക്കര്‍ താന്‍ എടുത്ത് കുപ്പായത്തില്‍ പതിച്ചതെന്ന് 17കാരന്‍ പിന്നീട് പ്രതികരിച്ചു.

ടെയ്‍ലറിന്റെ സുഹൃത്തുക്കള്‍ മാത്രമല്ല, ലക്ഷക്കണക്കിന് പേരാണ് ട്രംപിന്റെ പ്രസംഗത്തിന് പിന്നില്‍ നടക്കുന്ന നിശബ്ദ പ്രതിഷേധം ലൈവായി കണ്ടത്. ഇതിന് പിന്നാലെ #PlaidShitrGuy എന്ന ഹാഷ്ടാഗോടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. ട്രംപിന്റെ റാലി പൊളിഞ്ഞെന്നായിരുന്നു സോഷ്യൽ മീഡിയയിലെ അഭിപ്രായം. ടെയ്‍ലര്‍ റാലി ഹൈജാക്ക് ചെയ്തെന്നും ലക്ഷക്കണക്കിന് ജനങ്ങളുടെ മുഖഭാവമാണ് ടെയ്‌ലറിലൂടെ കണ്ടെതെന്നും ചിലര്‍ പ്രതികരിച്ചു.

എന്നാല്‍ താന്‍ ട്രംപിനെ ട്രോള്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ടെയ്‍ലര്‍ പറഞ്ഞു. എന്നാല്‍ താനൊരു ട്രംപ് ആരാധകനല്ലെന്നും 17കാരന്‍ വ്യക്തമാക്കി. ‘ട്രംപിന് തൊട്ടുപിന്നിലായി സ്ഥാനം ലഭിക്കുമെന്ന് കരുതിയല്ല റാലിയില്‍ പങ്കെടുത്തത്. എന്റെ മുഖഭാവം ടിവിയില്‍ പോകുന്നതും അറിഞ്ഞില്ല. ഇത് പോലെ ആകുമെന്ന് ഒരിക്കലും കരുതിയില്ല’, ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു. പിന്നില്‍ അണിനിരന്ന എല്ലാവരോടും ആര്‍പ്പുവിളിക്കണമെന്നും ആഹ്ലാദത്തോടെ നില്‍ക്കണമെന്നും നിര്‍ദേശിച്ചിരുന്നു. താനും അതിനാണ് ശ്രമം നടത്തിയതെന്നും കൃത്രിമം കാണിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ടെയ്‍ലര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ