സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പാട്ടുപാടി ജയിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ജെ.ജോസഫ് എംഎല്‍എ. സുല്‍ത്താന്‍ ബത്തേരിയിലെ പൊതുയോഗത്തിനിടെ രാഹുല്‍ ഗാന്ധിക്കായി ചിട്ടപ്പെടുത്തിയ പാട്ട് പാടി എല്ലാവരെയും കയ്യിലെടുക്കുകയായിരുന്നു പി.ജെ.ജോസഫ്. യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ച് കഴിഞ്ഞതിന് പിന്നാലെയാണ് താന്‍ തന്നെ എഴുതി ചിട്ടപ്പെടുത്തിയ പാട്ടുമായി പി.ജെ.ജോസഫ് മൈക്കിന് മുന്‍പില്‍ എത്തിയത്. രാഹുല്‍ ഗാന്ധി തൊട്ടുപിന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മറ്റൊന്നും നോക്കാതെ ജോസഫ് പാട്ടുപാടാന്‍ ആരംഭിച്ചു.

Read More: നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത് രാഷ്ട്രീയക്കാരനായല്ല, നിങ്ങളുടെ മകനും സഹോദരനുമായി: രാഹുൽ ഗാന്ധി

തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കൈകളും തലയും ശരീരവുമെല്ലാം വരികള്‍ക്കൊപ്പം ചലിപ്പിച്ച് ജോസഫ് സദസിനെയും വേദിയിലെ നേതാക്കളെയും ആവേശത്തിലാഴ്ത്തി. രാഹുല്‍ ഗാന്ധിയ്ക്കായി ജോസഫ് ആലപിച്ച പാട്ടിലെ വരികളും കോണ്‍ഗ്രസുകാരെ ആവേശഭരിതരാക്കുന്നതായിരുന്നു.

ജോസഫ് പാടിയത് ഇങ്ങനെ:

“രാഹുല്‍ വരുന്നുണ്ടേ
രാഹുല്‍ ഗാന്ധി വരുന്നുണ്ടേ
നമ്മുടെ സാരഥി
ധീരനാം നായകന്‍
വയനാട്ടില്‍ എത്തീട്ടുണ്ടേ
കാത്തിരുന്ന് കണ്ടോളൂ
ഓര്‍ത്തിരുന്ന് ചെയ്‌തോളൂ
ആരൊക്കെ വന്നാലും
എന്തൊക്കെ ചെയ്താലും
രാഹുല്‍ജി മുന്‍പില്‍ തന്നെ
കൈപ്പത്തി മുന്‍പില്‍ തന്നെ”

ജോസഫ് പാടുമ്പോള്‍ തൊട്ടുപിന്നില്‍ നിന്ന് രാഹുല്‍ ഗാന്ധി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കെ.സി.വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ജോസഫ് പാടുന്നതിനൊപ്പം താളം പിടിക്കാന്‍ തുടങ്ങി.

Read More: ദേ പാട്ട് പാടി പി.ജെ.ജോസഫ് ഇടുക്കിയിൽ

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പലയിടത്തും പി.ജെ.ജോസഫ് ഇങ്ങനെ പാട്ടുപാടിയിരുന്നു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് എന്നിവരുടെ പ്രചാരണ പരിപാടികളില്‍ പ്രസംഗിച്ചപ്പോള്‍ ജോസഫ് പാട്ടുപാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പണ്ട് മുതലേ പാട്ടിനോട് കമ്പമുള്ള ജോസഫ് പൊതുവേദികളില്‍ പാടാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook