ചികിത്സയ്ക്കായുളള യാത്രയിലെ കുപ്പി വെളളത്തിന്റെ കണക്ക് വരെ സൂക്ഷിക്കണമെന്നും ഇവിടെ ദേശഭക്തർ ചോദ്യങ്ങളുമായി കാത്തിരിക്കുന്നുണ്ടന്ന് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ​ മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന ജി.കാർത്തികേയന്റെ ഭാര്യ. മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്ത് പോകുന്നുവെന്ന് വാർത്തകൾ വന്നതിന്റെ പിന്നാലെയാണ് കാർത്തികേയന്റെ ഭാര്യ എം.ടി.സുലേഖ ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിച്ചത്.

“അനുഭവത്തിന്റെ ചൂടിൽ ഞാൻ അങ്ങയെ ഓർമ്മപ്പിക്കുന്നു. യാത്രയേയും ചികിത്സയേയും സംബന്ധിക്കുന്ന ചോദ്യങ്ങളും തയ്യാറാക്കി അങ്ങയുടെ വരവും കാത്തിരിക്കുന്ന സമൂഹത്തോട് പ്രതിബദ്ധതയുളള ദേശഭക്തർ ഇവിടെയുണ്ട്. മയോക്ലിനിക്കിലേയ്ക്ക് കയറും വഴി കുടിക്കുന്ന കുപ്പിവെളളത്തിന്റെ കണക്ക് വരെ എഴുതി സൂക്ഷിക്കുക. പിന്നീട് കണക്ക് കൊടുക്കേണ്ടി വരും”, സുലേഖ എഴുതുന്നു.

ആരോഗ്യത്തോടെയും സന്തോഷത്തോടെയും അങ്ങ് തിരികെ വരാൻ ഹൃദയപൂർവ്വം ആശംസിക്കുന്നു എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന കുറിപ്പിൽ കാർത്തികേയൻ ചികിത്സയ്ക്കായി പോയി മടങ്ങി വന്നപ്പോൾ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ ഇക്കാര്യം സുലേഖ​ ഓർമ്മിപ്പിക്കുന്നത്.

“മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്ത് പോകുന്ന കാര്യം ഓൺലൈൻ മാധ്യമങ്ങൾ പുറത്തു വിട്ടപ്പോൾ ഞാൻ ഓർത്തത്, ചികിത്സയ്ക്കായി ജികെ യോടൊപ്പം പോയ യാത്രയാണ്. … ഉമ്മൻ ചാണ്ടി സാറും രമേശും മറ്റും നിർബന്ധിച്ചപ്പോൾ മയോ ക്ലിനിക്കിലേക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ മുഴുവൻ, സീറ്റ് ബെൽറ്റ് ധരിച്ചിരിക്കാനുള്ള അനൗൺസ്‌മെന്റുകൾക്കിടയിൽ പോലും, ഒരാൾ ടോയ്‌ലറ്റിനകത്തും, കാവലായി ഞാൻ പുറത്തും.. വിമാന ജോലിക്കാരു പോലും അവസ്ഥയറിഞ്ഞു സഹായിക്കുന്നു. മയോ ക്ലിനിക്കിലെ കാൻസർ രോഗ വിദഗ്‌ധൻ, വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സക്ക് ഒന്നാമൻ എന്നംഗീകരിച്ച, ഡോക്ടർ പീറ്റർ കാമത് രോഗാവസ്ഥയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, രക്ഷിക്കാനാവില്ല എന്ന് ഭംഗ്യന്തരേണ പറയുമ്പോൾ, ഒരു ക്ഷോഭവും കാണിക്കാതെ, ‘എനിക്ക് ഇനി എത്ര കാലം ജീവിക്കാനാകും ‘എന്ന് ചോദിച്ച രോഗി. ആകാശത്തേക്ക് നോക്കി കൈമലർത്തിയ ഡോക്ടറോട് തിടുക്കത്തിൽ യാത്രപറഞ്ഞിറങ്ങവേ, ‘നീ പേടിക്കേണ്ട… ഇതിങ്ങനെ കുറേക്കാലം ഓടിക്കോളും ‘എന്ന് എന്നെ സമാധാനിപ്പിക്കുമ്പോൾ ആ ആത്മവിശ്വാസത്തെ ഹൃദയത്തിൽ എടുത്തു ഞാനും.

തിരുവനന്തപുരത്തെത്തി ‘ഒന്നും വരില്ല’ എന്നു പരസ്പരം പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും തോറ്റിരിക്കവേ, ഓഫീസിൽ വിവരാവകാശനിയമം വഴി എത്തിയ ചോദ്യങ്ങളുമായി ഓഫീസ് സ്റ്റാഫ്. ചോദ്യത്തിൽ ഏതാനും എണ്ണം ഞാൻ പങ്കുവയ്ക്കുന്നു.

  1. സ്‌പീക്കർ ചികിത്സക്കു പോയപ്പോൾ ആരൊക്കെ കൂടെ പോയി?
  2. എത്ര ദിവസം ചികിത്സ നടത്തി? ഏതൊക്കെ ആശുപത്രികളിൽ?
  3. ഏതു ഡോക്ടറാണ് വിദേശ ചികിത്സ വേണമെന്ന് പറഞ്ഞത്?
  4. പോയപ്പോഴും തിരിച്ചു വന്നപ്പോഴും ഇവർ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു?
  5. ഈ ചികിത്സക്ക് ഇവിടെ ആശുപത്രികളില്ലേ?
  6. സ്‌പീക്കർക്കു വിദേശ ചികിത്സ ആവശ്യമാണെന്ന് പറയാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ ഡിപ്പാർട്മെന്റ് തലവന് അധികാരമുണ്ടോ?

മരുന്നായി, ഡോക്ടറുടെ കൈപ്പടയിൽ എഴുതിയ ഒരു അനാസിൻ ഗുളികയുടെ പ്രിസ്ക്രിപ്ഷൻ പോലും കിട്ടാൻ ഭാഗ്യമില്ലാത്തവനോടാണ് ചോദ്യം. ചോദ്യ കർത്താവ് തിരുവനന്തപുരം ജില്ലയിലെ മുഴുത്ത പരിസ്ഥിതിവാദി. അനുഭവത്തിന്റെ ചൂടിൽ ഞാൻ അങ്ങയെ ഓർമിപ്പിക്കുന്നു”, എന്നും സുലേഖ എഴുതുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ