ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നത് മുതല്‍ സംസ്ഥാനത്തുടനീളം സമരപരിപാടികളും അക്രമപരമ്പരകളും അരങ്ങേറുകയാണ്. ആദ്യം യുവതീ പ്രവേശനത്തെ പിന്തുണച്ച ബിജെപിയും യുഡിഎഫും കരണം മറിഞ്ഞ് മറുഭാഗത്തായതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന സാമാന്യജനാധിപത്യ മര്യാദ മാത്രമാണ് സര്‍ക്കാരിന് കാണിക്കാനുളളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, ഭക്തരുടെ താത്പര്യം തങ്ങള്‍ക്ക് സംരക്ഷിക്കണമെന്നാണ് യുഡിഎഫിന്റേയും ബിജെപിയുടേയും മുദ്രാവാക്യം. ഇതിനായി സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരപരിപാടികളാണ് ശബരിമലയില്‍ അടക്കം പാര്‍ട്ടികള്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും വിവരങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. ഓരോ പ്രതിഷേധങ്ങളും മാധ്യമങ്ങളില്‍ ലൈവായി സംപ്രേഷണം ചെയ്യപ്പെട്ടു.

പ്രതിഷേധങ്ങളും സമരങ്ങളും ശബരിമലയിലെത്തുന്ന ഭക്തരെ ചെറുതായൊന്നുമല്ല ബാധിച്ചത്. കൂനിന്മേല്‍ കുരുവെന്ന പോലെ പ്രതിഷേധക്കാരെ തടയാനുളള പൊലീസിന്റെ നിയന്ത്രണങ്ങള്‍ ഭക്തരെ ബാധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നബിദിനത്തെ തുടര്‍ന്ന് അവധി ദിവസമായ ഇന്ന് പോലും തീര്‍ത്ഥാടകരുടെ എണ്ണം കുറവാണ്. കേരളത്തില്‍ നിന്നുളള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ ഒരുപാട് എത്തുന്നുണ്ട്.

തീര്‍ത്ഥാടകര്‍ സുഗമമായി ദര്‍ശനം നടത്തി മടങ്ങുന്ന കാഴ്ചകള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ചുരുക്കം ചിലര്‍ മാത്രമാണ് ശബരിമലയില്‍ ഇപ്പോഴും പ്രതിഷേധവുമായി സംഘടിക്കുന്നത്. ഞായറാഴ്ച രാത്രി 72ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നിരുന്നു. നേരത്തേ യുവതീ പ്രവേശനത്തിനെതിരെയാണ് പ്രതിഷേധം നടന്നതെങ്കിലും ഇപ്പോള്‍ സൗകര്യങ്ങളുടെ കുറവ് പറഞ്ഞാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. തിങ്കളാഴ്ച രാത്രി ഹരിവരാസനം കഴിഞ്ഞതിന് ശേഷം 10ഓളം പേര്‍ മാത്രമാണ് പ്രതിഷേധം നടത്തിയത്. വൃത്തിഹീനമായ സ്ഥലത്ത് വച്ച് ശരണം വിളിക്കാനാണ് പൊലീസ് പറഞ്ഞതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

ഇത്തരം കാഴ്ചകള്‍ക്ക് പിന്നാലെ മാത്രമാണ് മാധ്യമങ്ങളുടെ ഓട്ടമെന്നാണ് ആക്ഷേപം. ഇതിന് തെളിവായി ശബരിമലയിലെ പുഞ്ചിരി നിറഞ്ഞ കാഴ്ചകള്‍ സോഷ്യൽ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്. ഇതില്‍ ശ്രദ്ധേയമായ ഒരു ചിത്രമാണ് പുഞ്ചിരിച്ച് കൊണ്ട് അയ്യപ്പനെ തൊഴുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. ആയിരക്കണക്കിന് പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്.


ആരാണ് ചിത്രം പകര്‍ത്തിയതെന്ന് വ്യക്തമല്ലെങ്കിലും ‘ബിഎന്‍ഐ’ എന്ന വാട്ടര്‍മാര്‍ക്കോട് കൂടിയാണ് ചിത്രം സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ പെണ്‍കുട്ടി കേരളത്തില്‍ നിന്നുളള തീര്‍ത്ഥാടക തന്നെയാണോ എന്നും ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് സ്ഥിരീകരിക്കാനായിട്ടില്ല. വരുംദിവസങ്ങളില്‍ ഇത്തരം കാഴ്ചകള്‍ മാത്രം നിറയട്ടെ എന്നാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ ആശംസ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ