എമിറേറ്റ്സ് എയർലൈൻ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യൽ മീഡിയയെ കുറച്ചൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കിയത്. ആയിരക്കണക്കിന് ഡയമണ്ടുകൾ വിമാനത്തിൽ പതിപ്പിച്ചതുപോലെയുളള ഫോട്ടോയാണ് എമിറേറ്റ്സ് പോസ്റ്റ് ചെയ്തത്. ചിത്രം കണ്ടവർക്കൊക്കെ ചോദിക്കാൻ ഒരേയൊരു കാര്യമാണ് ഉണ്ടായിരുന്നത്, ഇത് ശരിക്കും ഡയമണ്ട് ആണോ?
അതേസമയം, ഇതിനുളള ഉത്തരം എമിറേറ്റ്സ് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ തന്നെയുണ്ട്. സാറ ഷക്കീൽ ക്രിയേറ്റ് ചെയ്ത ചിത്രമെന്നാണ് എമിറേറ്റ്സ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. സാറ ഷക്കീൽ ഒരു ക്രിസ്റ്റൽ ആർട്ടിസ്റ്റാണെന്നും 4.8 ലക്ഷം ഫോളോവേഴ്സ് അവർക്ക് ഇൻസ്റ്റഗ്രാമിലുണ്ടെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Presenting the Emirates ‘Bling’ 777. Image created by Sara Shakeel pic.twitter.com/zDYnUZtIOS
— Emirates Airline (@emirates) December 4, 2018
താൻ ചെയ്ത ആർട് വർക്ക് ഷക്കീൽ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇതു കണ്ടിട്ടാണ് എയർലൈൻ അവരുടെ പേജിൽ ഇത് ഷെയർ ചെയ്യുന്നതിന് അനുമതി തേടിയത്. ”ക്രിസ്റ്റൽ കലാകാരി സാറ ഷക്കീലിന്റെ ഒരു വർക്ക് പേജിൽ ഷെയർ ചെയ്തുവെന്നേ ഉളളൂ. ഇത് ഒർജിനൽ അല്ല,” എമിറേറ്റ്സ് വക്താവ് ഗൾഫ് ന്യൂസിനോട് പറഞ്ഞു.