ജമ്മു കശ്മീരിലെ ചെനാബ് നദിയുടെ അഗാധമായ മലയിടുക്കിനു കുറുകെ നിര്‍മിച്ച റെയില്‍വേ പാലത്തിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വിസ്മയമാകുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമാണിത്.
2002ല്‍ ആരംഭിച്ച കമാന പാലത്തിന്റെ നിര്‍മാണ പുരോഗതി പങ്കുവയ്ക്കുന്ന ചിത്രം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. ”മേഘങ്ങള്‍ക്കു മുകളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കമാനം ചെനാബ് പാലം,” എന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.
മന്ത്രിയെക്കൂടാതെ റെയില്‍വേ മന്ത്രാലയവും പാലത്തിന്റെ ചില അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
മനോഹരമായ പര്‍വതങ്ങള്‍ക്കൊപ്പം സ്ഥിതിചെയ്യുന്ന പാലത്തിനു 359 മീറ്റര്‍ താഴെയായി ഒഴുകുന്ന ചെനാബ് നദിക്കു മുകളില്‍ പരന്നുകിടക്കുന്ന വെള്ള മേഘങ്ങള്‍ ചിത്രങ്ങളെ മനോഹരമാക്കുന്നു.
കശ്മീര്‍ താഴ്വരയിലേക്കുള്ള തടസമില്ലാത്ത റെയില്‍വേ കണക്റ്റിവിറ്റിയിലേക്കുള്ള പ്രധാന ചുവടുവയ്പായാണു ചെനാബ് പാലത്തെ വിലയിരുത്തുന്നത്. കശ്മീര്‍ റെയില്‍വേ പദ്ധതിയുടെ ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലുള്ള 111 കിലോമീറ്റര്‍ പാതയിലെ നിര്‍ണായക ലിങ്കാണ് ഈ പാലം.
റിയാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയില്‍ നിര്‍മിക്കുന്ന പാലത്തിന് ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്. 17 സ്പാനുകളുള്ള പാലത്തിനു മൊത്തം 1,315 മീറ്ററാണ് നീളം. നദിക്ക് കുറുകെയുള്ള പ്രധാന ഉരുക്ക് കമാനഭാഗത്തിന്റെ നീളം മാത്രം 476 മീറ്റര്‍. മണിക്കൂറില്‍ 266 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിനെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ ഘടന.
ഭീകരാക്രമണ ഭീഷണികളെയും ഭൂകമ്പങ്ങളെയും അതിജീവിക്കാന്‍ ശേഷിയുള്ള സുരക്ഷാ സജ്ജീകരണമുള്ളതായിരിക്കും പാലമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഏറ്റെടുത്ത ഏറ്റവും വലിയ സിവി എന്‍ജിനീയറിങ് സംരംഭമായി വിശേഷിപ്പിക്കപ്പെടുന്ന ഈ പാലത്തിന് എട്ട് തീവ്രതയുള്ള ഭൂകമ്പങ്ങളെയും ഉയര്‍ന്ന തീവ്രതയുള്ള സ്‌ഫോടനങ്ങളെയും അതിജീവിക്കാന്‍ കഴിയും.
Also Read: മെറ്റാവേഴ്സിൽ വിവാഹ റിസപ്‌ഷൻ നടത്തി തമിഴ് ദമ്പതികൾ; ഏഷ്യയിൽ ആദ്യം