വ്യത്യസ്തമായൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കൊച്ചി ലുലു മാളിനരികിലെ ട്രാഫിക് ജംഗ്ഷനിൽ മൊബൈൽ സ്റ്റാൻഡുകളും ഡ്രീം ക്യാച്ചറുമെല്ലാം വിറ്റു നടന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയായ ആസ്മാന് ആണ് ഇപ്പോൾ സോഷ്യൽ മീഡിയെ അത്ഭുതപ്പെടുത്തുന്നത്. ആസ്മാനെ മോഡലാക്കി കൊണ്ട് കിടിലൻ മേയ്ക്ക് ഓവർ ഷൂട്ട് നടത്തിയിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ്.
Read more: ഇവർക്കൊരൽപ്പം വെള്ളം കൊടുക്കാൻ ആരുമില്ലേ; ട്രോളില്‍ മുന്നിട്ട് 24 ന്യൂസ്
മോഡലിംഗിനെ കുറിച്ച് ഒരു ധാരണയുമില്ലെങ്കിലും ഫോട്ടോഗ്രാഫറുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പോസ് ചെയ്ത അസ്മാന്റെ ചിത്രങ്ങൾ അമ്പരപ്പിക്കുന്നവയാണ്. ഇതുവരെയുള്ള തന്റെ ഫോട്ടോഷൂട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് മഹാദേവൻ തമ്പി ഈ ഷൂട്ടിനെ വിശേഷിപ്പിക്കുന്നത്.
“നാല് കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളാണ് പകർത്തിയത്. ഒരോ ചിത്രം കാണിച്ചു കൊടുത്തപ്പോഴും അഭിമാനവും സന്തോഷവും ആ മുഖത്ത് നിറഞ്ഞു. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട്,” മഹാദേവൻ തമ്പി പറഞ്ഞു. ഫോട്ടോഷൂട്ടിന് ഉപയോഗിച്ച പുത്തൻ വസ്ത്രങ്ങളും ആസ്മാന് തന്നെ നൽകിയാണ് ഫോട്ടോഷൂട്ട് ടീം ആസ്മാനെ യാത്രയാക്കിയത്. മേക്കപ്പ്മാൻ പ്രബിനാണ് ആസ്മാനെ സ്റ്റൈലിഷ് ലുക്കിൽ അണിയിച്ചൊരുക്കിയത്.