ഡല്‍ഹിയില്‍ കാമുകിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ യുവഫോട്ടോഗ്രാഫറുടെ ചിത്രം വൈറലായി മാറി. അങ്കിത് സക്സേന എന്ന 23കാരന്‍ മുസ്ലിം വേഷത്തില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതും നിസ്കരിക്കുന്നതുമായ ചിത്രങ്ങളാണ് വൈറലായത്. ഫെബ്രുവരി 1നാണ് ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ കാമുകിയുടെ വീട്ടുകാര്‍ അങ്കിതിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

അന്യമതസ്ഥയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന അങ്കിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ കൊലപാതകം നടത്തിയത്. എന്നാല്‍ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചിരുന്ന അങ്കിതിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഇതിന് പിന്നാലെയാണ് അങ്കിതിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയത്.

മതേതരത്വത്തിന്റെ മഹത്വം കാണിക്കുന്ന ചിത്രം മറ്റ് ചിലര്‍ വര്‍ഗീയ പ്രചരണത്തിനാണ് ഉപയോഗിച്ചത്. മതേതരരാവുന്ന എല്ലാ ഹിന്ദുക്കള്‍ക്കുമുളള മുന്നറിയിപ്പാണ് ഇതെന്നായിരുന്നു ചിലരുടെ വാദം. ചിത്രം കാണിച്ച് മുതലെടുപ്പ് നടത്തി മറ്റ് ചിലരും രംഗത്തെത്തി. കൊലപാതകത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, ബന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖ്യാല പ്രദേശത്ത് ഫെബ്രുവരി 1ന് രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വീടിനടുത്തുള്ള ഇരുപതുകാരിയുമായി അങ്കിത് പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിര്‍ത്തിരുന്നു. വ്യാഴാഴ്ച രാത്രി 9 മണിക്ക് വീട്ടിലേക്ക് പോവുകയായിരുന്ന അങ്കിതിനെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും കൂടിച്ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി അങ്കിതിനെ കാണാനായി പുറപ്പെട്ട സമയത്താണ് ബന്ധുക്കള്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

അമ്മാവനാണ് ഇതിന് പിറകിലെന്നും തന്റെ ജീവനും അപകടത്തിലാണെന്നും പെണ്‍കുട്ടി ആരോപിച്ചു. ‘അങ്കിതിനെ കാണാനായി ഞാന്‍ പുറപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ കൊലപ്പെടുത്തിയ വിവരം ഞാന്‍ അറിഞ്ഞത്. ഇതിന് പിറകില്‍ എന്റെ അമ്മാവനാണ്’, പെണ്‍കുട്ടി പറഞ്ഞു.

യുവാവിന്റെ കഴുത്തിലാണ് കുത്തേറ്റത്. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഈ സമയം അങ്കിതിന്റെ അമ്മ സഹായത്തിനായി കേണപേക്ഷിച്ചെങ്കിലും കണ്ടുനിന്നവര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തതല്ലാതെ ആരും സഹായത്തിനെത്തിയില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ