അനന്തപൂർ (ആന്ധ്രാപ്രദേശ്): ഒന്നര മണിക്കൂര്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തു. അവസാനം ക്ലാസില്‍ പങ്കെടുത്ത ആള്‍ തന്നെ നിയം തെറ്റിച്ച് കുടുംബത്തോടൊപ്പം മോട്ടോര്‍ ബൈക്കില്‍ പോകുന്നതു കണ്ടപ്പോള്‍ പാവം കൈകൂപ്പുകയല്ലാതെ എന്തു ചെയ്യും ഈ പൊലീസ് ഉദ്യോഗസ്ഥന്‍. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ശുഭ് കുമാര്‍ ജോലിക്കു പോകവേയാണ് ആ കാഴ്ച കണ്ടത്. അഞ്ചുപേര്‍ ഉള്‍പ്പെടുന്ന ഒരു കുടുംബം മുഴുവന്‍ ഇരുചക്ര വാഹനത്തില്‍ വരുന്നു. കെ.ഹനുമന്തരായുഡു എന്ന ആളാണ് തന്റെ രണ്ടു മക്കളേയും ഭാര്യയേയും ബന്ധുവിനേയും കയറ്റി ബൈക്കോടിച്ചത്.

ശുഭ് കുമാര്‍ പറയുന്നു താന്‍ നല്‍കിയ ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ക്ലാസില്‍ ഹനുന്തരായുഡുവും പങ്കെടുത്തിരുന്നുവെന്ന്. അതിനു ശേഷം ഈ കാഴ്ച കണ്ടപ്പോള്‍ തന്റെ മനസാകെ ശൂന്യമായിപ്പോയെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. കുറച്ചെങ്കിലും ഉത്തരവാദിത്തം കുടുംബത്തോടുണ്ടെങ്കില്‍ അവരുടെ സുരക്ഷയെക്കുറിച്ചോര്‍ക്കാന്‍ താന്‍ അയാളോടു പറഞ്ഞുവെന്ന് ഉദ്യോഗസ്ഥന്‍.

ഇയാള്‍ സ്ഥിരമായി ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാറുണ്ടെന്നും ശുഭ് കുമാര്‍ പറയുന്നു. ‘ഹനുമന്തരായുഡുവോ അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിരുന്നവരോ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അപകടത്തെക്കുറിച്ച് യാതൊരു ചിന്തയും അയാള്‍ക്കില്ല. തീര്‍ത്തും ഉള്‍പ്രദേശമാണിത്. ഇവിടുത്തെ ജനങ്ങള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ഒട്ടും അറിവില്ല. കഴിഞ്ഞ നാലുമാസങ്ങളായി തങ്ങള്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കുകയാണ്’ ശുഭ് കുമാര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ