/indian-express-malayalam/media/media_files/uploads/2018/08/vajpey-712917-aiims-doctors.jpg)
ഇന്നലെയായിരുന്നു മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങൾ. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മൃതദേഹത്തിന് ആദരമർപ്പിക്കുന്ന എയിംസ് ഡോക്ടർമാർ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കാൻ തുടങ്ങിയത്.
എന്നാൽ ഈ ചിത്രം എയിംസ് ആശുപത്രിയിലേത് അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2012 ൽ ചൈനയിലെ ഒരു ആശുപത്രിയിൽ നിന്നും പകർത്തിയ ചിത്രമാണിത്. തന്റെ അവയവങ്ങൾ ദാനം ചെയ്ത വ്യക്തിയുടെ മൃതദേഹത്തിന് ഡോക്ടർമാർ ആദരമർപ്പിക്കുന്ന ഫോട്ടോയാണ് വാജ്‌പേയുടേത് എന്ന രീതിയിൽ പ്രചരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു വാജ്‌പേയുടെ മരണം. ഈ വാർത്ത പത്രക്കുറിപ്പിലൂടെ എയിംസ് അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. ദീർഘനാളുകളായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ അതീവ ഗുരുതരമാവുകയായിരുന്നു. മരണവാർത്ത പുറംലോകത്തെ അറിയിക്കുന്നതിന് മുമ്പ് തന്നെ വേണ്ട ഒരുക്കങ്ങൾ ആശുപത്രിയിലും അദ്ദേഹത്തിന്റെ വസതിയിലും പൂർത്തിയാക്കിയിരുന്നു.
മരണവാർത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലേക്ക് എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ ഭൗതികശരീരം ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. സാധാരണക്കാർക്ക് അവസാനമായി അദ്ദേഹത്തെ കാണാനുള്ള അവസരമായിരിക്കും ഇത്. വൈകിട്ട് 4 മണിയോടെ തലസ്ഥാനത്തെ സ്മൃതി സ്ഥാലിൽ വാജ്‌പേയിയുടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.