ഈ അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായ പ്രയോഗമാണ് ‘പെർഫെക്റ്റ് ഓക്കെ’ എന്നത്. കോഴിക്കോട് സ്വദേശിയായ നൈസൽ ക്വാറന്റൈനിൽ കഴിയുന്ന സുഹൃത്തിനു അയച്ചു നൽകിയ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായതോട് കൂടിയാണ് ‘പെർഫെക്റ്റ് ഒക്കെ’ മലയാളികളുടെ പദാവലിയുടെ ഭാഗമായത്. ഇപ്പോഴിതാ മറ്റൊരു ‘പെർഫെക്റ്റ് ഓക്കെ’ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പെർഫെക്റ്റ് ഓക്കെ’ പഠിപ്പിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഹേഷ് കുഞ്ഞുമോൻ എന്ന മിമിക്രി കലാകാരനാണ് ഇരുവരുടെയും ശബ്‌ദം അനുകരിച്ചു വീഡിയോ ചെയ്തിരിക്കുന്നത്. നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ കണ്ട് മഹേഷിന് കയ്യടിക്കുന്നത്.
കോവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന സുഹൃത്തിന് ആത്മവിശ്വാസം പകരുന്നതിനായി നൈസൽ അയച്ച ഒരു സെൽഫി വീഡിയോ ആണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയത്. ഐസൊലേഷനിൽ കഴിയുമ്പോൾ കൃത്യമായി ഭക്ഷണവും മരുന്നുമെല്ലാം ലഭിക്കുമെന്ന് പറഞ്ഞ് നൈസൽ ആശ്വസിപ്പിക്കുന്നതായിരുന്നു വീഡോയോ.
Read Also: മെക്സിക്കൻ കടലിലെ തീപിടിത്തം; സമൂഹ മാധ്യമങ്ങളിൽ വൈറലായി ട്രോളുകൾ
പിന്നീട് ആ വീഡിയോയിലെ ഡയലോഗുകൾ അശ്വിന്‍ ഭാസ്‌കറെന്ന യുവസംഗീതജ്ഞൻ റീമിക്സ് ചെയ്ത് പാട്ടാക്കി മാറ്റിയിരുന്നു. അതോടെ പെർഫെക്റ്റ് ഓക്കെ കൂടുതൽ പേരിലേക്ക് എത്തുകയും നൈസലിനെ വെച്ചു വെറൈറ്റി മീഡിയ എന്ന യൂറ്റ്യൂബ് ചാനൽ പാട്ട് ഒരു വീഡിയോ സോങ്ങ് ആയി ഇറക്കുകയും ചെയ്‌തിരുന്നു.