സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാക്കാലത്തും ട്രെന്‍ഡുകളുടെ ഉറവിടങ്ങളാണ്. യുവാക്കള്‍ക്കിടയില്‍ എന്തും ട്രെന്‍ഡാവുന്ന കാലത്താണ് ഐസ് ബക്കറ്റ് ചാലഞ്ചും മാനിക്വീന്‍ ചലഞ്ചുമൊക്കെ വന്നത്. ഓണ്‍ലൈനില്‍ സുഹൃത്തുക്കളുമായുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ ഇത്തരം ചാലഞ്ചുകള്‍ സഹായിക്കുന്നുവെന്നാണ് ടെക് വിദഗ്ദരുടെ പക്ഷം. എന്നാല്‍ പുതിയൊരു ചലഞ്ച് ഭ്രാന്തമായി മാറിയിരിക്കുകയാണ് യുവതി- യുവാക്കള്‍ക്കിടയില്‍. ഓടുന്ന കാറില്‍ നിന്ന് ചാടി നൃത്തം ചെയ്യുന്നതാണ് പുതിയ ചലഞ്ച്.

കനേഡിയന്‍ റാപ്പറായ ഡ്രൈക്സിന്റെ ഏറ്റവും പുതിയ ആല്‍ബമായ സ്കോര്‍പിയന്റെ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രചരിച്ചത്. ‘സ്കോര്‍പിയന്‍’ ആല്‍ബം സമീപകാലത്തെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ഒരാഴ്ച്ചക്കിടയില്‍ 1 ബില്ല്യണ്‍ സ്ട്രീമിംഗ് ലഭിക്കുന്ന ആല്‍ബമായും ഇത് മാറി. എന്നാല്‍ റെക്കോര്‍ഡുകള്‍ക്കൊപ്പം നിരവധി കാലും കൈയും ആണ് ആല്‍ബം തകര്‍ത്തതെന്ന് പറയാം.

സാമ്പത്തികമായി വിജയം നേടിയ ആല്‍ബത്തിലെ ‘ഇന്‍ മൈ ഫീലിംഗ്’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ ജനപ്രിയമായി മാറിയതോടെ ഇതിന് ഡാന്‍സ് ചെയ്ത് ചലഞ്ചും ആരംഭിച്ചു. £#InMyFeelings എന്നും #KekeChallenge എന്നും പേരിലാണ് ചലഞ്ച് വീഡിയോകള്‍ വൈറലായി മാറിയത്. യുവതി യുവാക്കള്‍ പരസ്പരം വെല്ലുവിളികളുമായി ഡാന്‍സ് ചെയ്തു. ‘ദ ഷിഗ്ഗി ഷോ’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ആദ്യം ചലഞ്ച് പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നൃത്തച്ചുവടുകള്‍ വൈറലായി മാറിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇതിന് പിന്നാലെയായി.

#Mood : KEKE Do You Love Me ? @champagnepapi #DoTheShiggy #InMyFeelings

A post shared by Shoker (@theshiggyshow) on

എന്നാല്‍ ആവേശം മൂത്ത ചില കൗമാരക്കാരാണ് ഈ ചലഞ്ചിന് മറ്റൊരു തലം നല്‍കിയത്. ‘ഡ്രൈക്സിന്റെ പാട്ടിന് നൃത്തം ചെയ്ത് ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങണം. നൃത്തം അവസാനിപ്പിക്കാതെ കാറില്‍ തന്നെ തിരികെ കയറണം’. ഇതായിരുന്നു ചലഞ്ച്. എന്നാല്‍ ചലഞ്ച് ചെയ്യാനിറങ്ങിയ പലരും മൂക്കും കുത്തി റോഡില്‍ വീണു. ഈ വീഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.