പ്രിയപ്പെട്ട പത്തനംതിട്ടയ്‌ക്ക് നന്ദിയെന്ന് നൂഹ്; ‘പോകരുത് സാർ’ എന്ന് ജനങ്ങൾ

പത്തനംതിട്ട ജില്ലയിൽ നിന്ന് പോകുമ്പോൾ വലിയ വിഷമമുണ്ടെന്നാണ് നൂഹ് പറയുന്നത്

പത്തനംതിട്ട: തങ്ങളുടെ പ്രിയപ്പെട്ട കലക്ടർക്ക് യാത്രാമംഗളങ്ങൾ നേർന്ന് പത്തനംതിട്ടക്കാർ. പത്തനംതിട്ട ജില്ലാ കലക്ടർ ചുമതലയിൽ നിന്ന് പി.ബി.നൂഹ് ഒഴിയുന്നു. സഹകരണ രജിസ്ട്രാർ ചുമതലയാണ് ഇനി നൂഹിന് നിർവഹിക്കാനുള്ളത്. പ്രതിസന്ധി കാലഘട്ടത്തിൽ പത്തനംതിട്ടയെ നയിച്ച കലക്ടറെ നാട്ടുകാർ മറക്കില്ല. 2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേൽക്കുന്നത്. ഏകദേശം രണ്ടരവർഷം പൂർത്തിയാക്കി. ഈ രണ്ടര വർഷത്തിനിടയിൽ ഏറെ പ്രതിസന്ധികൾ നേരിട്ടു. എല്ലാ പ്രതിസന്ധികളിലും മുന്നിൽ നിന്ന് നയിക്കുന്ന നായകന്റെ റോളായിരുന്നു നൂഹിന്.

പ്രളയം, കോവിഡ് പ്രതിസന്ധികൾ കലക്ടറുടെ ഉത്തരവാദിത്തം ഇരട്ടിപ്പിച്ചു. ഈ സമയത്തെല്ലാം അവസരോചിതമായ പ്രവർത്തനങ്ങളായിരുന്നു നൂഹിന്റേത്. കലക്ടർക്കൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കാൻ യുവാക്കൾ അടക്കം നിരവധിപേർ രംഗത്തെത്തി. ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രതിഷേധം ആളിക്കത്തിയപ്പോഴും ജില്ലാ കലക്ടർ എന്ന നിലയിൽ നൂഹിന്റെ പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read Also: ഞെട്ടിച്ച് അസ്ഹറുദ്ദീൻ; ഐപിഎൽ ലേലത്തിലേക്ക്, കെസിഎയുടെ 1.37 ലക്ഷം രൂപ പാരിതോഷികം

പത്തനംതിട്ട ജില്ലയിൽ നിന്ന് പോകുമ്പോൾ വലിയ വിഷമമുണ്ടെന്നാണ് നൂഹ് പറയുന്നത്. വളരെ മികച്ച ജില്ലയാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘പ്രിയപ്പെട്ട പത്തനംതിട്ടയ്ക്ക് നന്ദി’ എന്ന് നൂഹ് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടു. ഈ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. തുടർന്നുള്ള ഉത്തരവാദിത്തങ്ങൾക്ക് നിരവധി പേർ നൂഹിന് എല്ലാവിധ ആശംസകളും നേർന്നു. ‘തങ്ങളെ വിട്ടു പോകരുത്’ എന്ന് മറ്റു ചിലർ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

‘മുന്നോട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’ കോന്നി എംഎൽഎ കെ.യു.ജെനീഷ് കുമാർ നൂഹിന്റെ പോസ്റ്റിനു താഴെ കുറിച്ചു.

‘വെള്ളപ്പൊക്കം വന്നാലും മറ്റു പ്രശ്‌നങ്ങൾ വന്നാലും എന്തിനും പത്തനംതിട്ടയുടെ കൂടെ നിന്ന ഞങ്ങളുടെ പ്രിയ കലക്‌ടർ ബ്രോ..സാർ മറക്കില്ല… ഒരു കലക്‌ടറെയും ഇതുപോലെ ആരാധിച്ചിട്ടില്ല’

‘എവിടെ ആയാലും പത്തനംതിട്ടക്കാരെ മറക്കരുത്. പുതിയ കർമപഥത്തിൽ ഏറ്റവും നന്നായി ശോഭിക്കുവാൻ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകുമാറാകട്ടെ’

‘മറക്കില്ല ഒരിക്കലും….പ്രതിസന്ധിയുടെ കാലത്തു ചെറുപുഞ്ചിരിയോടെ മുന്നിൽ നിന്നും നയിച്ച പത്തനംതിട്ടയുടെ അമരക്കാരൻ പ്രിയ കലക്‌ടർ സർ, ഒരായിരം നന്ദി’

‘ധീരമായ നിലപാടുകൾ, ജനകീയ മുഖം, പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ. പ്രളയത്തിലും പ്രശ്നത്തിലും മഹമാരിയിലും വിശ്രമമില്ലാത്ത അധ്വാനം. താങ്കളിൽ കണ്ട ഈ പ്രത്യേകതകൾ ആണ് എല്ലാവരിലും വച്ച് സാറിനെ വ്യത്യസ്തനാക്കുന്നത്. ഒരുപാട് നന്മകൾ നേരുന്നു’

ഇങ്ങനെ പോകുന്നു നൂഹിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റുകൾ.

നൂഹിന് പുറമേ പാലക്കാട് കലക്ടർ ഡി.ബാലമുരളിക്കും മാറ്റമുണ്ട്. ബാലമുരളിയെ ലേബര്‍ കമ്മീഷണറായി നിയമിക്കും. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകും. പത്തനംതിട്ടയില്‍ ഡോക്ടർ നരഹിംസ ഹുഗരി ടി.എൽ.റെഡിയും പാലക്കാട് മൃൺമയി ജോഷിയുമായിരിക്കും പുതിയ കലക്ടർമാർ.

Web Title: Pb nooh transfer pathanathitta collector social media

Next Story
കിട്ടുണ്ണിയേട്ടാ.., വണ്ടർവുമൺ വിളിച്ചു, ബാറ്റ്‌മാൻ വിളികേട്ടു (വീഡിയോ)
The moderation of comments is automated and not cleared manually by malayalam.indianexpress.com