കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ സമ്പൂർണ ലോക്ക്ഡൗണിലാണ്. കേരളത്തിൽ ഒരുദിവസം മുന്നേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭക്ഷണമുൾപ്പെടെ അവശ്യസാധനങ്ങൾക്ക് ആരും ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. ഭരണകൂടം ഒന്നിച്ച് ജനങ്ങൾക്ക് വേണ്ടി രാപ്പകൽ അധ്വാനിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. പത്തനംതിട്ട ജില്ലാകലക്ടർ പി.ബി നൂഹിന്റേയും കോന്നി എംഎൽഎ ജനീഷ് കുമാറിന്റേയുമാണത്.
ജില്ലയിൽ ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കലക്ടറും എംഎൽഎയും ദേശീയ ആരോഗ്യ സംഘത്തിന്റെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡോ.അബെയ് സുഷാനും ചേർന്ന് സാധനങ്ങൾ ചുമലിലേറ്റി കൊണ്ടു പോകുന്നതാണ് ആ ചിത്രം. പുഴ കടന്നാണ് മൂവരും പോകുന്നത്. നിരവധി പേരാണ് ആ ചിത്രം പങ്കുവച്ചിരിക്കുന്നത്. കലക്ടറുടേയും ഡോക്ടറുടേയും എംഎൽഎയുടേയും മാനവികതയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
Read More: ‘നിങ്ങള്‍ക്കു പിന്നെ എന്തുവാടോ ഇവിടെ പണി?’ വില്ലേജ് ഓഫീസറെ പരസ്യമായി ശാസിച്ച് കലക്ടര്‍
നേരത്തേ 2018ലെ പ്രളയകാലത്തും പി.ബി നൂഹിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. അന്ന് ജോലിയിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ അദ്ദേഹം ശാസിക്കുന്ന ഒരു വീഡിയോയും ഫെയ്സ്ബുക്കിൽ വൈറലായിരുന്നു.
ആര്‍ക്കെല്ലാമാണ് സഹായ കിറ്റ് എത്തിക്കേണ്ടതെന്ന് കലക്ടര്‍ ചോദിക്കുമ്പോള്‍ ഉത്തരംമുട്ടി നില്‍ക്കുന്ന വില്ലേജ് ഓഫീസറെ കടുത്ത ഭാഷയിലാണ് അന്ന് കലക്ടർ ശാസിച്ചത്.
‘നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി? എന്തുവാണ് പണി? ഈ വില്ലേജിലെ മൊത്തം കാര്യങ്ങള്‍ അന്വേഷിക്കലല്ലേ ജോലി? ഒന്നും അറിയാതെ എന്തോന്നാ ഇവിടെ ചെയ്‌തോണ്ടിരിക്കുന്നത് രാവിലെ മുതല്‍? ആകെ 84 ആളുകളല്ലേ ഉള്ളൂ? ഈ ജില്ലയിലുള്ള 45000 ആളുകളുടെ കാര്യം ഞാന്‍ പറയാമല്ലോ,’ എന്നായിരുന്നു കലക്ടര്‍ വില്ലേജ് ഓഫീസറോട് പറഞ്ഞത്.