യാത്ര രസകരവും ഉന്മേഷവും പകരുന്ന അനുഭവമാണെങ്കിലും കുഞ്ഞുങ്ങള്‍ക്കതു വളരെ ബുദ്ധിമുട്ടായിരിക്കും. കൃത്യമായി ഭക്ഷണവും മുലപ്പാലും നല്‍കുന്നതും ഡയപ്പര്‍ മാറ്റുന്നതും ഉള്‍പ്പെടെ കുഞ്ഞുങ്ങളെ ശരിയായ വിധം പരിചരിച്ചില്ലെങ്കില്‍ അവര്‍ അസ്വസ്ഥരാകും. അതു മറ്റുള്ളവരുടെ യാത്രാ മൂഡിനെയും ബാധിക്കും.
കുഞ്ഞുങ്ങളുടെ പരിചരണം സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്നാണു ഭൂരിഭാഗം ആണുങ്ങളുടെയും ചിന്ത. അതുകൊണ്ടുതന്നെ രാജ്യത്തെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഡയപ്പര്‍ മാറ്റല്‍ കിയോസ്ക്കുകള്‍ സ്ത്രീകളുടെ ശുചിമുറികളുടെ ഭാഗമായാണു പൊതുവെ കണ്ടുവരാറുള്ളത്.
എന്നാല്‍ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം ഇക്കാര്യത്തില്‍ സാമ്പ്രദായിക രീതിയില്‍നിന്നു വഴി മാറി നടക്കുകയാണ്. ഇവിടെ പുരുഷന്മാരുടെ ശുചിമുറിയില്‍ ഡയപ്പര്‍ മാറ്റാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ്. ഇതിന്റെ ചിത്രം ഒരു യാത്രക്കാരന് ഓണ്‍ലൈനില്‍ പങ്കുവച്ചതു വ്യാപക പ്രശംസക്കിടയാക്കിയിരിക്കുകയാണ്.
Also Read: ചിത്രത്തിലെ രണ്ടാമത്തെ മൃഗത്തെ കണ്ടെത്താമോ? വിജയിച്ചത് ഒരു ശതമാനം പേര് മാത്രം
ട്വിറ്റര്‍ ഉപയോക്താവായ സുഖദയാണു പുരുഷന്മാരുടെ ശുചിമുറിയിലെ ഡയപ്പര്‍ മാറ്റല്‍ സ്റ്റേഷന്റെ ചിത്രം പങ്കുവച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ പുരുഷന് മാറ്റുന്ന അടയാളത്തോടൊപ്പം ‘ഡയപ്പര്‍ ചേഞ്ച്’ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡ് സ്റ്റേഷന്റെ പാര്‍ട്ടീഷനില്‍ സ്ഥാപിച്ചിരിക്കുന്നതാണു ചിത്രം.
”ഇത് ആഘോഷിക്കപ്പെടേണ്ടതാണ്. ശിശുപരിചരണം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല,”സുഖദ ട്വിറ്ററില്‍ കുറിച്ചു. ഇതിനോട് പ്രതികരിച്ച നിരവധി പേര് പുരോഗമനപരമായ നടപടിക്കു വിമാനത്താവള അധികൃതരെ പ്രശംസിച്ചു. അതേസമയം ചെയ്തതു നല്ല കാര്യമാണെന്നും ആഘോഷിക്കുന്നതിനു പകരം സാധാരണമാക്കുകയാണു വേണ്ടതെന്നും ചിലര്‍ കുറിച്ചു. താമസിയാതെ മറ്റു വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും ഇത് പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നതായും അവര്‍ കുറിച്ചു.
Also Read: ഹിമച്ചില്ലുകൾക്കിടയിലൊരു മത്സ്യം; കണ്ടെത്താമോ 15 സെക്കൻഡിൽ
മിക്ക അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ സൗകര്യം കാണാറുണ്ടെന്നും ഇന്ത്യ ക്രമേണ തുല്യതയുടെ ഭാഗമാകുന്നതു കാണുന്നതില്‍ സന്തോഷമുണ്ടെന്നു മറ്റൊരാള്‍ കുറിച്ചു.
സുഖദയുടെ ഫൊട്ടോ ട്വിറ്ററില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയതോടെ, എല്ലാ ടോയ്ലറ്റുകളിലും ഡയപ്പര്‍ മാറ്റാനുള്ള മുറികളുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മറുപടി നല്കി. അഭിനന്ദനത്തിനു നന്ദി പറഞ്ഞ വിമാനത്താവള അധികൃതര്‍, ” ഡയപ്പര്‍ മാറ്റുന്ന സ്റ്റേഷന് ലിംഗഭേദമില്ലാതെ ഞങ്ങളുടെ ശുചിമുറികളുടെ ഒരു സവിശേഷതയാണ്. അവ നന്നായി സജ്ജീകരിച്ചിരിക്കുന്നു. സ്വകാര്യതയിലും സ്വസ്ഥമായും കുഞ്ഞിനെ പരിചരിക്കാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുന്നു,”എന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബെംഗളുരു വിമാനത്താവള അധികൃതരെ പുകഴ്ത്തുന്ന സംഭാഷണങ്ങള്‍ നെറ്റിസണ്‍സ് തുടരുകയാണ്. ശുചിമുറികള്‍ക്കു പുറത്ത് പുരുഷനും സ്ത്രീയ്ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ശിശുപരിചരണ മുറിയുണ്ടെന്നും അവ നന്നായി പരിപാലിക്കുന്നുണ്ടെന്നും മറ്റു ചിലര്‍ കുറിച്ചു.
യാത്രക്കാര്‍ക്കു മികച്ച സൗകര്യങ്ങള്‍ നല്കുന്ന വിമാനത്താവളങ്ങളിലൊന്നാണു ബെംഗളുരു കെംപഗൗഡ വിമാനത്താവളം. ബോഡിങ് ഗേറ്റ്, ഷോപ്പിങ് ഏരിയകള്‍, ബാഗേജ് ക്ലെയിം ഏരിയ, കുടിവെള്ള സൗകര്യങ്ങള്‍, വാഷ് റൂമുകള്‍ എന്നിവ കണ്ടെത്തുന്നതിനു യാത്രക്കാരെ സഹായിക്കാന്‍ 10 റോബോട്ടുകളെ വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്. ടെര്‍മിനല്‍ ഒന്നില്‍ ഓരോ അന്താരാഷ്ട്ര, ആഭ്യന്തര ലോഞ്ച് ഈ മാസം ആദ്യം തുറച്ചിരുന്നു. ‘080 ലോഞ്ചില്‍’ ചെറിയ ലൈബ്രറി, സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം, ബാര്‍ കൗണ്ടറുകള്‍, ബുഫെ സജ്ജീകരണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
Also Read: സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി’