ഇന്ത്യൻ സിനിമാ താരങ്ങൾ പങ്കെടുത്ത ഫിലിം കമ്പാനിയന്റെ റൗണ്ട്‌ ടേബിൾ പരിപാടിയിൽ വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തി നടി പാർവതി ‘അർജുൻ റെഡ്ഡി’ എന്ന സിനിമയെ വിമർശിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും നായകന്റെ ചെയ്തികളെ മഹത്വവത്കരിക്കുന്നുണ്ടെന്നുമായിരുന്നു പാർവതി പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തെ കൈയടിയോടെയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്തത്. എന്നാൽ രണ്ട് തരം സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് പറയാനായി പാർവതി ഉപയോഗിച്ച ‘ബൈപോളാർ ബിഹേവിയർ’ എന്ന വാക്കിനെ വിമർശിച്ച് ഒരു ആരാധിക രംഗത്തെത്തി.

“ശരിയാണ്, പാർവതി തീർച്ചയായും നന്നായി സംസാരിച്ചു. പക്ഷെ ‘ബൈപോളാർ ബിഹേവിയർ’ എന്നാണ് അവർ പറഞ്ഞത്. ക്ഷമിക്കണം, അവിടുന്നങ്ങോട്ട് അത് കാണാൻ എനിക്ക് സാധിക്കുന്നില്ല,” എന്നായിരുന്നു വിമർശനം.

എന്നാൽ ഈ വിമർശനത്തോട് വളരെ പോസിറ്റീവ് ആയ പ്രതികരണമാണ് പാർവതി നടത്തിയത്.

“ഹായ് ദിവ്യ! ഞാനിപ്പോഴാണ് ഈ കമന്റ് കണ്ടത്. നന്ദി! ഞാൻ ഉപയോഗിച്ചത് തെറ്റായ വാക്കായിരുന്നു, മാത്രമല്ല ഞാൻ അത് തിരുത്തുകയും ചെയ്യുന്നു. ഒരു സാഹചര്യം വിശദീകരിക്കാനായി ഒരു മാനസിക അസ്വാസ്ഥ്യത്തെ വെറും “നാമവിശേഷണം” ആയി ഉപയോഗിക്കാൻ അനുവദിക്കുന്ന പ്രയോഗങ്ങളെ തിരുത്താൻ ഞാൻ തന്നെ ശ്രമിക്കുന്നതിനാൽ ഇത് പ്രധാനമാണ്,” എന്നായിരുന്നു പാർവതിയുടെ മറുപടി.

തനിക്ക് സംഭവിച്ച തെറ്റ് അംഗീകരിക്കാനും അത് തിരുത്താനും പാർവതി തയാറായപ്പോൾ ട്വിറ്ററിൽ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook