പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ വിമർശനങ്ങളുമായി രംഗത്തെത്താറുള്ള ആളാണ് നടി പാർവതി തിരുവോത്ത്. സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നതിന്റെ പേരിൽ മലയാളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണങ്ങൾക്ക് വിധേയയായ താരം കൂടിയാണ് പാർവതി. ഇക്കുറി തന്നെ ‘ഉപദേശിക്കാൻ’ വന്ന ആൾക്ക് ചുട്ടമറുപടിയാണ് പാർവതി നൽകിയിരിക്കുന്നത്.

Read More: അമ്മയുടെ ഹിറ്റ് ഗാനവുമായി മകൾ; ‘മോഹമുന്തിരി’ പാടി സിതാരയുടെ സായു

“മതം മാറുന്നില്ലേ പാർവതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാൾ മതം മാറിയാൽ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,” എന്ന സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്ത് ‘എന്തൊരു ഉത്കണ്ഠ’ എന്നെഴുതിയ പാർവതി #buthinduismsafe (പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ഹാഷ്ടാഗും കൂടെ ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടൻ അനുപം ഖേറിന്റെ വീഡിയോ കണ്ട് ‘അയ്യേ’ എന്നാണ് പാർവതി പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം.

Read More: ‘അയ്യേ’; സർക്കാരിനെ ന്യായീകരിച്ച അനുപം ഖേറിനെ കണ്ട് മൂക്കത്ത് വിരൽ വച്ച് പാർവ്വതി

ചില ആളുകൾ രാജ്യത്തിന്റെ സമഗ്രതയെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഇത് സംഭവിക്കാൻ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അത്തരം ഘടകങ്ങൾ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. ഇവരാണ് ഏറ്റവും അസഹിഷ്ണുത കാണിക്കുന്നതെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.

സർക്കാരിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുകയാണെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അനുപം ഖേർ പറഞ്ഞിരുന്നു. ഖേറിന്റെ ഭാര്യ കിറോൺ ഖേർ ഛണ്ഡിഗഡിൽ നിന്നുള്ള ലോക്സഭാ എംപിയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തേയും പാർവ്വതി രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിൽ നടന്ന പ്രതിഷേധത്തിലും പാർവ്വതി പങ്കെടുത്തിരുന്നു. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിച്ചിരുന്നു. ഈ പരിപാടിയിലാണ് പാര്‍വതിയും പങ്കെടുത്തത്. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook