മോഷണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്റെ ഇയര്‍ഫോണ്‍ തഞ്ചത്തിലൊരാള് പൊക്കി. ക്യാമറെയെ പോലും ഭയപ്പെടാതെ നിസാരമായാണ് തത്ത മോഷണം നടത്തിയത്. സംഭവം അങ്ങ് ചിലിയിലാണ്.
പ്രാദേശിക മോഷണങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ചിലിവിഷന്‍ ചാനലിലൂടെ ലൈവ് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു നിക്കോളാസ് ക്രും. റിപ്പോര്‍ട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്ന തത്ത ഇയര്‍ഫോണുമായി കടന്നുകളഞ്ഞത്.
തത്ത തോളില്‍ വന്നിരുന്നപ്പോള്‍ മുതല്‍ നിക്കോളാസ് തന്റെ ക്യാമറമാനെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. തോളില്‍ ഇരുന്നിട്ട് രണ്ട് സ്റ്റെപ്പ് മുന്നോട്ടാഞ്ഞ് ഒന്ന് നോക്കിയിട്ടായിരുന്നു തത്തയുടെ പ്രയോഗം.
ഇയര്‍ഫോണ്‍ ചുണ്ടില്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയിട്ട് ഒറ്റ പറക്കലായിരുന്നു. തത്തയെ പിടിക്കാനായി നിക്കോളാസിന്റെ കൂടെയുള്ളവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പതിയെ ചാടിച്ചാടി നീങ്ങുകയായിരുന്നു തത്ത. അവസാനം തത്ത ഇയര്‍ഫോണ്‍ താഴെ ഇട്ടതോടെയാണ് തിരികെ ലഭിച്ചത്.
സ്പാനിഷിലുള്ള വീഡിയോയാണെങ്കിലും സംഭവം വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ടു.