പ്രശസ്തരായ വ്യക്തികളുമായി സാമ്യമുള്ളവര്‍ പലപ്പോഴും നെറ്റിസണ്‍സിനെ അതിശയപ്പെടുത്താറുണ്ട്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ് തുടങ്ങി നിരവധിയാളുകളുടെ അപരന്മാര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാമ്യമുള്ള ഗുജറാത്തിലെ ഒരു ചാട്ട് വില്‍പ്പനക്കാരനാണ് പട്ടികയില്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്.
നരേന്ദ്ര മോദിയുടേതിന് സമാനമായ ഹെയര്‍ സ്റ്റൈലും വസ്ത്രങ്ങളും കണ്ണടയുമെല്ലാം ധരിച്ചാണ് ഉത്തരേന്ത്യന്‍ ഭക്ഷണമായ പാനി പൂരി ഇദ്ദേഹം വില്‍ക്കുന്നത്. ഈറ്റ് ഇന്‍ വഡോദര എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നരേന്ദ്ര മോദിയുടേതിനോട് ഒപ്പം നില്‍ക്കുന്ന ശബ്ദത്തിലുമാണ് സംസാരവും.
അനില്‍ ഭായ് ഖട്ടാര്‍ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മോദിയെന്ന് ആളുകള്‍ വിളിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നാണ് അനില്‍ പറയുന്നത്. മോദി പണ്ട് ചായ വില്‍പ്പന നടത്തിയിരുന്നതും താന്‍ ഇപ്പോള്‍ പാനി പൂരി വില്‍ക്കുന്നതുമെല്ലാം അനിലെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ്. മോദിയെ പോലെ ചായ വില്‍പ്പനക്കാരനായിരുന്നെങ്കില്‍ എന്ന് ആളുകള്‍ പറയാറുണ്ടെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.
പതിനഞ്ചാം വയസിലാണ് പാനി പൂരി വില്‍പ്പന അനില്‍ ആരംഭിക്കുന്നത്. പാനി പൂരി, ധഹി പൂരി എന്നിവയെല്ലാം അനിലിന്റെ കടയില്‍ ലഭ്യമാണ്.