കോവിഡ്കാലം ആളുകളെ വീടുകളിലേക്കും മുറികളിലേക്കും തന്നിലേക്കു തന്നെയും ഒതുക്കികൊണ്ടിരിക്കുകയാണ്. ബന്ധുക്കളിൽ നിന്നകന്ന് അന്യനാടുകളിൽ കഴിയുന്നവർ, ഒരു ചുമരിനപ്പുറം വീട്ടുകാരെല്ലാവരും ഉണ്ടാകുമ്പോഴും റൂം ക്വാറന്റൈനിൽ കഴിയുന്നവർ…. അങ്ങനെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് പലരും കടന്നുപോവുന്നത്. കോഴിക്കാട് സ്വദേശിനിയായ ഗായത്രി എസ് നമ്പ്യാരും കഴിഞ്ഞ ഏതാനും ആഴ്ചകളിലായി റൂം ക്വാറന്റൈനിൽ ആണ്. എന്നാൽ ക്വാറന്റൈൻകാലത്തിന്റെ ഓർമയ്ക്കായി ഒരു വീഡിയോ ഒരുക്കിയിരിക്കുകയാണ് ഗായത്രി ഇപ്പോൾ.
നടൻ നീരജ് മാധവൻ ഒരുക്കിയ ‘പണി പാളി’ എന്ന കവർ സോങ്ങിന് പാരഡിയായി ഗായത്രി ഒരുക്കിയ വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുകയാണ്. വീഡിയോയ്ക്ക് പിന്നിലെ വിശേേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് ഗായത്രി എസ് നമ്പ്യാർ.
“കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി വർക്ക് ചെയ്യുകയായിരുന്നു ഞാൻ. കഴിഞ്ഞ ഒക്ടോബറിലാണ് ഓൺസൈറ്റിനു വേണ്ടി അമേരിക്കയിൽ പോയത്. എന്നാൽ മാർച്ചിൽ അവിടെ ലോക്ക്ഡൗൺ ആയതോടെ അവിടെ കുടുങ്ങിപ്പോയി. ജൂൺ 28നാണ് തിരിച്ച് നാട്ടിലെത്തിയത്. വന്നതു മുതൽ വീട്ടിൽ തന്നെ റൂം ക്വാറന്റെയിനിൽ കഴിയുകയാണ്. അതിനിടയിലെ വിരസതയകറ്റാൻ വേണ്ടി ചുമ്മാ ഷൂട്ട് ചെയ്തിട്ട ഒരു വീഡിയോ ആണ്. പെർഫെക്ഷൻ ഒന്നും നോക്കിയതേയില്ല. ഇങ്ങനെ ശ്രദ്ധിക്കപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ആദ്യദിവസം തന്നെ 27,000 പേരിൽ കൂടുതൽ വീഡിയോ കണ്ടു എന്നൊക്കെ അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി,” ഗായത്രി പറയുന്നു.
കോഴിക്കോട് ദേവഗിരി കോളേജിലെ പ്രോഫസറായ സനാതനന്റെയും ഭവൻസിൽ അധ്യാപികയായ ലീന സനാതന്റെയും മകളാണ് ഗായത്രി. കലയിലും ഡാൻസിലും പാട്ടിലുമൊക്കെ താൽപ്പര്യമുള്ള ഗായത്രി സ്കൂൾ, കോളേജ് കാലഘട്ടത്തിൽ നിരവധി തവണ കലാതിലകമായിട്ടുണ്ട്. കോളേജ്കാലത്ത് മികച്ചനടിയായും ഗായത്രി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അച്ഛനുമമ്മയ്ക്കുമൊപ്പം ചേച്ചിയുടെ കലാപ്രകടനങ്ങൾക്ക് പൂർണ പിന്തുണയുമായി ഏക സഹോദരൻ ഭരതും കൂടെയുണ്ട്.
“പഠിക്കുന്ന സമയത്ത് ഡാൻസും പാട്ടുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ കോർപ്പറേേറ്റ് ലൈഫിലേക്ക് പോയതോടെ എല്ലാം വിട്ടു. നീരജ് മാധവിന്റെ ‘പണിപാളി’ വീഡിയോ ട്രെൻഡായപ്പോൾ മുതൽ ആ ട്യൂണും വരികളും മനസ്സിലുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്തെ അമേരിക്കൻ ജീവിതമാണ് സത്യത്തിൽ ആ പാരഡി വരികൾക്ക് പിന്നിലെ പ്രചോദനം. അവിടെ ഞാൻ തനിയെ ആയിരുന്നു, ഫുഡ് ഉണ്ടാക്കി തരാൻ ഒന്നും ആരുമില്ലായിരുന്നു. നാലുമാസം അക്ഷരാർത്ഥത്തിൽ ആരെയും കാണാതെ വീടിനകത്ത് തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. അതോർത്ത് വെറുതെ പാടിയ വരികളാണ്.”
ഭക്ഷണപ്രിയയായ ഗായത്രിയെ സംബന്ധിച്ച് ഭക്ഷണമെന്നത് ഒരു വികാരം തന്നെയാണ്. “ഫുഡ് എനിക്ക് ഒരു ഇമോഷനാണ്. അമേരിക്കൻ ജീവിതത്തിനിടയിലാണ് കുക്കിംഗ് പരീക്ഷണങ്ങൾ ഒക്കെ ചെയ്യുന്നത്. യൂട്യൂബ് നോക്കി കുക്കിംഗ് പഠിച്ചു. ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമിലൊക്കെ പോസ്റ്റ് ചെയ്യൽ ആയിരുന്നു ഹോബി.” ഭക്ഷണത്തോട് ഉള്ളിന്റെയുള്ളിൽ ഗായത്രിയ്ക്ക് ഉള്ള ഇഷ്ടം തന്നെയാണ് പാട്ടായി മാറിയത്.
വർഷങ്ങളായി ഉള്ളിലുറങ്ങി കിടക്കുന്ന കലാപ്രണയത്തെ ലോക്ക്ഡൗൺകാലം പുറത്തുകൊണ്ടുവന്നതിലുള്ള സന്തോഷത്തിലാണ് ഗായത്രി.
Read more: സെലിബ്രിറ്റികളെ അനുകരിച്ച് താരമായി ഒരു കൊച്ചുമിടുക്കി