പാലായില്‍ യുഡിഎഫിനും കേരളാ കോണ്‍ഗ്രസ് എമ്മിനുമേറ്റത് അപ്രതീക്ഷിത തിരിച്ചടി. യുഡിഎഫ് തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ യുഡിഎഫ് കോട്ടകള്‍ തകരാന്‍ തുടങ്ങി. മികച്ച ലീഡ് ലഭിക്കുമെന്നു യുഡിഎഫ് ഉറച്ചുവിശ്വസിച്ച ബൂത്തുകളിലെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന് മുന്നിട്ടുനിന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. തങ്ങളുടെ സ്ഥാനാര്‍ഥി അനായാസം വിജയിക്കുമെന്ന് ഉറപ്പിച്ച യുഡിഎഫും കേരളാ കോണ്‍ഗ്രസും ആഘോഷ പരിപാടികള്‍ക്കായി ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങി.
പാലായില്‍ പലയിടത്തും യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ‘നിയുക്ത എംഎല്‍എ’, ‘കെ.എം.മാണിയുടെ പിന്‍ഗാമി’ എന്നീ വിശേഷണങ്ങളായിരുന്നു ജോസ് ടോമിന് ഈ ഫ്ളക്സ് ബോര്‍ഡുകളിലെല്ലാം. ഈ ഫ്ളക്സ് ബോര്‍ഡുകളുടെ ചിത്രം വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതോടെ എതിരാളികള്‍ ഇതിനെയെല്ലാം ട്രോളുകയാണ്.
കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയുടെ ഫെയ്സ്ബുക്ക് പേജിലും എതിരാളികള്‍ ട്രോളുകളുമായി എത്തിയിട്ടുണ്ട്. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം 17,000 വോട്ടുകള്‍ക്ക് മുകളില്‍ വിജയിക്കുമെന്നായിരുന്നു അനില്‍ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അനില്‍ അക്കരയിട്ട പോസ്റ്റിനു താഴെ ഇപ്പോൾ നിരവധി ട്രോളുകളുണ്ട്.
സൂര്യ നായകനായെത്തിയ ‘കാപ്പാന്’ എന്ന സിനിമയുടെ പോസ്റ്ററില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനെ എഡിറ്റ് ചെയ്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ ലഡ്ഡുവും പടക്കങ്ങളും വാങ്ങിവച്ചിരുന്നു. വിജയം ഉറപ്പിച്ചതിനാലാണ് ആഘോഷ പരിപാടികൾക്കായി യുഡിഎഫും കേരളാ കോൺഗ്രസും ഒരുക്കങ്ങൾ തുടങ്ങിയത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി. യുഡിഎഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതി വിലയ്ക്ക് വാങ്ങുമെന്നു മാണി സി.കാപ്പൻ പ്രതികരിച്ചു. ചാനല്‍ അഭിമുഖത്തിലായിരുന്നു മാണി സി.കാപ്പന്റെ പ്രതികരണം.
യുഡിഎഫുകാര്‍ വിജയം ആഘോഷിക്കാനായി ലഡുവും പടക്കവുമെല്ലാം വാങ്ങിയിരിക്കുകയാണല്ലോ, എന്താണ് നിങ്ങളുടെ പരിപാടിയെന്നായിരുന്നു വോട്ടെണ്ണല്‍ പകുതിഘട്ടത്തിലെത്തിയപ്പോൾ കാപ്പനോട് അവതാരകന് ചോദിച്ചത്. ഞങ്ങള്‍ യുഡിഎഫില്‍ നിന്നും പകുതി വിലയ്ക്ക് ലഡുവും പടക്കവുമെല്ലാം വാങ്ങുമെന്നായിരുന്നു മാണി സി.കാപ്പന് നല്കിയ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ എൽഡിഎഫ് തിരഞ്ഞെടുപ്പ് ഫലം ആഘോഷമാക്കി. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലഡു വിതരണം ചെയ്തു. കെ.എം.മാണിയുടെ വീടിന് മുൻപിൽ എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.
Read Here: ഞാന്‍ പെട്ടുപോയതാണ്; ‘തടഞ്ഞ’സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്