ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ അധികാരത്തിലേറുന്നത്. രണ്ടാം തവണയാണ് നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ശനിയാഴ്ച്ച നരേന്ദ്രമോദി പാര്‍ലമെന്റില്‍ 353 എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കുരുങ്ങി പരിഹാസത്തിന് പാത്രമായിരിക്കുകയാണ് പാക്കിസ്ഥാനിലെ ഒരു ചാനല്‍.

എംപിമാരെ മോദി അഭിനന്ദിച്ചപ്പോള്‍ ഉപയോഗിച്ച ‘അഭിനന്ദന്‍’ എന്ന വാക്കാണ് പാക് ചാനലിലെ അവതാരകന്‍ തെറ്റായി വ്യാഖ്യാനിച്ചത്. പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട് തിരിച്ചയക്കപ്പെട്ട അഭിനന്ദന്‍ വര്‍ഥമാന്‍ എന്ന വ്യോമസേനാ ഉദ്യോഗസ്ഥന്റെ പേരാണ് മോദി പരാമര്‍ശിച്ചതെന്നാണ് പാക് അവതാരകന്‍ പറഞ്ഞത്.

എആര്‍വൈ ന്യൂസ് ചാനലിലെ അവതാരകനാണ് വലിയ അബദ്ധം പിണഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷവും ‘അഭിനന്ദനെ’ മോദി മറന്നിട്ടില്ലെന്നാണ് അവതാരകന്‍ പറയുന്നത്. എൺപിമാര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും ആണ് മോദി നന്ദി പറഞ്ഞത്.