പാക്കിസ്ഥാനിലെ കസൂരില്‍ എഴുവയസ്സുകാരിയായ സൈനബ് അന്‍സാരിയെ ബലാത്സംഗം ചെയ്ത സംഭവത്തോടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകവേ മകളുമായെത്തി വാര്‍ത്ത വായിച്ചുകൊണ്ട് അവതാരകയുടെ പ്രതിഷേധം. സമാ ടിവി ന്യൂസിലെ അവതാരക കിരണ്‍ നാസാണ് മകളെ മടിയിലിരുത്തി വാര്‍ത്ത വായിച്ചത്.

“ഇന്ന്‍ ഞാന്‍ നിങ്ങളുടെ വാര്‍ത്താ അവതാരക കിരണ്‍ നാസല്ല, ഒരു അമ്മയായാണ് ഇവിടെ ഇരിക്കുന്നത്. അതുകൊണ്ടാണ് എന്‍റെ മകളുമായി ഞാനിവിടെ ഇരിക്കുന്നത്” മകളെ മടിയിലിരുത്തിക്കൊണ്ട് അവര്‍ പറഞ്ഞു. “ചെറിയ ശവപ്പെട്ടികള്‍ക്ക് കനം കൂടും എന്ന്‍ അവര്‍ പറയുന്നത് വാസ്തവമാണ്. അവളുടെ ശവപ്പെട്ടിയുടെ ഭാരം ചുമന്നുകൊണ്ടിരിക്കുകയാണ് പാക്കിസ്ഥാന്‍ മുഴുവനും.”

രാജ്യത്തെ ഒട്ടാകെ പിടിച്ചുകുലുക്കിയ ബലാത്സംഗ കേസിനെ കുറിച്ചായിരുന്നു അവതാരക പറഞ്ഞത്. ഖുറാന്‍ ക്ലാസില്‍ പങ്കെടുക്കാന്‍പോയ പെണ്‍കുട്ടിയെ കാണാതാകുന്നത് ജനുവരി നാലാം തീയതിയാണ്. അഞ്ച് ദിവസത്തിനു ശേഷം ഒമ്പതാം തീയതി കുപ്പത്തൊട്ടിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കസൂര്‍ പ്രദേശത്ത് വര്‍ദ്ദിച്ചുവരുന്ന ശിശുപീഡനങ്ങളും കുട്ടികളെ കടത്തികൊണ്ടുപോകലും നേരത്തേയും പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സംഭവം നടക്കുമ്പോള്‍ സൗദിക്ക് ഉംറ പോയിരിക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. വാര്‍ത്താ അവതരണത്തിനിടയില്‍ അതിലെ വിരോധാഭാസം കൂടി സൂചിപ്പിക്കുന്നുണ്ട് നാസ്. “രക്ഷിതാക്കള്‍ സൗദിയില്‍ മകളുടെ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ഥിക്കുന്ന വേളയില്‍ ഒരു പിശാച് പാക്കിസ്ഥാനില്‍ അവളെ കൊല്ലുകയായിരുന്നു” എന്ന്‍ പറഞ്ഞ അവതാരക അതൊരു കുട്ടിയുടെ കൊലപാതകം മാത്രമല്ല. ഒരു സമൂഹത്തിനെ കൊലചെയ്യല്‍ കൂടിയാണ് എന്നും പറയുന്നുണ്ട്.

കസൂരില്‍ നടന്ന ശിശുപീഡനവും കൊലപാതകവും പാക്കിസ്ഥാനില്‍ ഉടനീളം കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ രണ്ട് പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook