പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പൊങ്കാല.
ഇമ്രാന്‍ ഖാന്റെ പേജിലെ ഭൂരിഭാഗം പോസ്റ്റുകളിലും വിമര്‍ശനങ്ങളും, പരിഹാസങ്ങളുമായി നിരവധി കമന്റുകളുണ്ട്. മലയാള ഭാഷയിലാണ് മിക്കതും.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ ‘നീ തീര്‍ന്നെടാ തീര്‍ന്ന്’ എന്ന ഡയലോഗ് മുതല്‍ ‘ഒരു പൂമാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നും ഇമ്രാന്‍ ഖാന്‍’ എന്നു തുടങ്ങി നിരവധി കമന്റുകളുണ്ട്. പല കമന്റുകളിലും മലയാളികള്‍ ഇമ്രാന്‍ ഖാനെതിരെ അശ്ലീല വര്‍ഷവും യുദ്ധത്തിനുള്ള വെല്ലുവിളികളും നടത്തുന്നുണ്ട്.
അതേസമയം, തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ കരാര്‍ ലംഘനം നടത്തിയതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ആരോപിച്ചു. ഇന്ത്യക്ക് തിരിച്ചടി നല്‍കാന്‍ പാക്കിസ്ഥാന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഷാ മഹമൂദ് ഖുറേഷിയുടെ പ്രതികരണം.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകര്‍ത്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാന യൂസഫ് അസ്ഹറാണ് ക്യാംപിന് നേതൃത്വം നല്‍കിയിരുന്നത്. ഈ ഓപ്പറേഷനില്‍ നിരവധി ജെയ്‌ഷെ മുഹമ്മദ് ഭീകരരും അവരുടെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.